‘4 പേരുടെ നില അതീവ ഗുരുതരം, മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിൽ’; മന്ത്രി വീണാ ജോർജ്

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണ ജോർജ്. ചികിത്സയിലുള്ള 4 പേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ 2 പേർ വെന്റിലേറ്ററിലാണ്. മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവ സ്ഥലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവിന്റെ ഡിഎൻഎ പരിശോധന നടത്തും. മൂന്ന് മൃതദേഹങ്ങളുടേയും പോസ്‌റ്റുമോർട്ടം നടക്കും. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. മരിച്ച കുട്ടിയുടെ സഹോദരന് 60ശതമാനവും അമ്മക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ ആരോ​ഗ്യനില ​ഗുരുതരമല്ലെന്നും മന്ത്രി പറഞ്ഞു.

ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയോടെ കളമശ്ശേരിയിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *