അബിഗേലിനായി വ്യാപക തെരച്ചില്‍; കസ്റ്റഡിയിലെടുത്ത 3 പേരെയും വിട്ടയച്ചേക്കും

കൊല്ലം: ഓയൂരില്‍ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും വിട്ടയച്ചേക്കും. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്റര്‍ ഉടമയെ വിട്ടയച്ചേക്കുമെന്ന് പോലീസ് അറിയിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയിട്ട് 16 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഇന്നലെ വൈകിട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍ വെച്ചാണ് അബിഗേല്‍ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉള്‍പ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *