തേരോട്ടം തുടർന്ന് ബിജെപി. മധ്യപ്രദേശിൽ തുടർഭരണ സാധ്യത നിലനിർത്തിയും രാജസ്ഥാൻ ഭരണം പിടിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ശക്തമായ അടിത്തറ പാകിയിരിക്കുകയാണ് ബിജെപി. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് പ്രവചനങ്ങളുണ്ടായെങ്കിലും വലിയ പരാജയത്തിലേക്കാണ് പാർട്ടി കൂപ്പുകുത്തുന്നത്. നൂറ്റിയമ്പതോളം സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. ഇതോടെ തുടർഭരണം ഏറെക്കുറെ ഉറപ്പിച്ചു. 90 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്.

രാജസ്ഥാനിൽ ബിജെപി അധികാരം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. നൂറ്റിയിരുപതോളം സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപി രാജസ്ഥാനും  പിടിക്കുമെന്ന് ഉറപ്പിച്ചു. ഹിന്ദി ഹൃദയഭൂമിയിലെ സുപ്രധാന സംസ്ഥാനങ്ങളെല്ലാം ഇതോടെ ബിജെപിയുടെ കീഴിലായി.

ഛത്തീസ്ഗഡിൽ ബിജെപിയും കോൺഗ്രസും കനത്ത പോരാട്ടമാണ്. 60 സീറ്റുകളിൽ കോൺഗ്രസ് ലീഡു ചെയ്യുന്നുണ്ട്. നാൽപത് സീറ്റുകളിലാണ് ബിജെപി ലീഡ്. എന്നാൽ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് ഛത്തീസ്ഗഡിൽ.

അതേ സമയം, തെലങ്കാനയിൽ കോൺഗ്രസ് വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എഴുപതിലധികം സീറ്റുകളിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. തുടർഭരണം നടത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന ബിആർഎസ് നാൽപത് സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. നിലവിൽ കോൺഗ്രസിന് തെലങ്കാന മാത്രമാണ് ആശ്വാസം. ഇവിടെ ബിജെപി പത്ത് സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനൽ എന്ന വിശേഷിപ്പിക്കുന്ന, അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നാലു സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് പുറത്തുവരുന്നത്.

എക്സിറ്റ് പോളുകൾ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസിന്റെയും രാജസ്ഥാനിൽ ബിജെപിയുടെയും മുന്നേറ്റമാണ് പ്രവചിച്ചത്. മധ്യപ്രദേശിൽ 4 വീതം എക്സിറ്റ് പോളുകൾ ബിജെപിക്കും കോൺഗ്രസിനും മുൻതൂക്കം നൽകി. രാജസ്ഥാനും ഛത്തീസ്ഗഡും കോൺഗ്രസും മധ്യപ്രദേശ് ബിജെപിയുമാണു ഭരിക്കുന്നത്. തെലങ്കാനയിൽ ബിആർഎസും മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടുമാണ് അധികാരത്തില്‍. മിസോറാമിലെ ഫലം നാളെ പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *