ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം യുവാവ് തീകൊളുത്തി മരിച്ചു

പത്തനാപുരം: ഭാര്യയെയും ഒന്‍പത് വയസ്സുള്ള മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം യുവാവ് പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തി മരിച്ചു. പത്തനാപുരം നടുക്കുന്ന് കവലയില്‍ ക്ഷേത്രത്തിനുസമീപം വാടകവീട്ടില്‍ താമസിക്കുന്ന പിടവൂര്‍ ലതീഷ്ഭവനില്‍ രൂപേഷ് (38) ആണ് ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ അഞ്ജു(26)വും മകള്‍ അരുഷ്മയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷാ തൊഴിലാളിയാണ് രൂപേഷ്. പിറവന്തൂര്‍ അലിമുക്ക് സ്വദേശിയായ അഞ്ജുവും വാഹനം ഓടിക്കുന്നുണ്ട്. പതിനൊന്നുവര്‍ഷം മുമ്പാണ് ഇവര്‍ പ്രണയിച്ച് വിവാഹം കഴിച്ചത്.

കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറേക്കാലമായി ഇവര്‍തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവദിവസം എല്ലാവരെയും കത്തിക്കുമെന്നുപറഞ്ഞ് ഇയാള്‍ പെട്രോളുമായാണ് വീട്ടിലെത്തിയത്. മകള്‍ പെട്രോള്‍ നിറച്ച കന്നാസ് ഒളിച്ചുവെച്ചു. ഇതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ രൂപേഷ് വെട്ടുകത്തികൊണ്ട് ഭാര്യയെയും മകളെയും വെട്ടിവീഴ്ത്തുകയായിരുന്നു. അഞ്ജു മകളുമൊത്ത് ഒരുവിധം രക്ഷപ്പെട്ട് റോഡിലെത്തി. രക്തമൊലിച്ചുകിടന്ന ഇവരെ കണ്ട, അതുവഴിപോയ മിനിലോറിയുടെ ഡ്രൈവറാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

ഭാര്യയും മകളും രക്ഷപ്പെട്ടയുടന്‍ മുറിയില്‍ കയറി കതകടച്ച രൂപേഷ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീട് കത്തുന്നതുകണ്ട നാട്ടുകാരാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചത്. തീകെടുത്തിയശേഷം വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് ശരീരമാസകലം പൊള്ളലേറ്റനിലയില്‍ രൂപേഷിനെ കണ്ടെത്തിയത്. പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അഗ്‌നിബാധയില്‍ വീടിനും നാശനഷ്ടം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *