ആ കഥ തിരക്കഥ; ഓട്ടോഡ്രൈവർ ‘പീഡനം’ പൊളിഞ്ഞു, യുവതി വെട്ടിലായത് ഇങ്ങനെ…

വൈപ്പിൻ വളപ്പ് ബീച്ചിൽ ബംഗാൾ സ്വദേശി (19)യെ പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതി യുവതി സ്വയം മെനഞ്ഞ കഥയെന്നു സൂചന. യുവതിയെ ബീച്ചിൽ കൊണ്ടുവന്നിറക്കിയ ഓട്ടോറിക്ഷാ ഡ്രൈവറെ പ്രതിസ്ഥാനത്താക്കിയായിരുന്നു യുവതിയുടെ മൊഴി. ഞാറയ്ക്കൽ പൊലീസ് ഡ്രൈവറെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്തതോടെയാണു കഥ മെനഞ്ഞതാണെന്നു വ്യക്തമായത്.

ഓട്ടോയിൽ ബീച്ചിൽ എത്തിച്ചു ചാർജ് വാങ്ങി ഉടൻ തിരിച്ചുപോകുന്നതു കണ്ട ദൃക്‌സാക്ഷിയാണു ഓട്ടോറിക്ഷാ ഡ്രൈവർക്കു രക്ഷകനായത്.

കലൂരിലെ മസാജ് പാർലറിൽ ജോലി ചെയ്യുന്ന യുവതി മലയാളിയായ ഒരു യുവാവിന്റെ കൂടെയാണു താമസം. സംഭവ ദിവസം  ഈ യുവാവുമായി വഴക്കടിച്ചശേഷം ഓട്ടോറിക്ഷയിൽ കയറി ബീച്ചിലേക്ക് എത്തുകയായിരുന്നെന്നു പൊലീസ് പറയുന്നു. യുവാവു പിന്നാലെ അന്വേഷിച്ചു വരാതെയായപ്പോൾ, ചിലർ ബീച്ചിൽ തന്നെ പീഡിപ്പിക്കുന്നുവെന്നു യുവാവിനെ വിളിച്ചു പറയുകയായിരുന്നു. ഇതനുസരിച്ചു യുവാവു ബീച്ചിലെത്തുമെന്നായിരുന്നു ധാരണ.  യുവാവാകട്ടെ ഇതുകേട്ട്  ബീച്ചിൽ അന്വേഷിക്കാനെത്താതെ പൊലീസിൽ അറിയിച്ചതോടെയാണു യുവതി വെട്ടിലായത്. രാത്രി മുഴുവൻ വളപ്പ് ബീച്ച് അരിച്ചുപെറുക്കിയ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണു യഥാർഥ വിവരം പുറത്തായത്.

Leave a Reply

Your email address will not be published. Required fields are marked *