ഖേല്‍ രത്‌ന പുരസ്‌കാരം റോഡിലുപേക്ഷിച്ചു, അര്‍ജുന അവാര്‍ഡും തിരികെ നല്‍കി വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കായിക താരങ്ങള്‍. ഗുസ്തി താരം വിനേഷ് ഫോഗട്ട് അവാര്‍ഡുകള്‍ മടക്കി നല്‍കി. ഖേല്‍രത്‌നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കി. അര്‍ജുന അവാര്‍ഡ് ഫലകം കര്‍ത്തവ്യപഥില്‍ വച്ച് വിനേഷ് മടങ്ങി. ഖേല്‍ രത്ന പുരസ്‌കാരവും റോഡില്‍ വച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ താരങ്ങള്‍ പ്രതിഷേധിക്കുകയാണ്.

രാജ്യം നല്‍കിയ ഖേല്‍രത്‌നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗുസ്തി താരങ്ങള്‍ മെഡല്‍ നേടുമ്പോള്‍ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും, അവര്‍ നീതി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചിരുന്നു.

ബ്രിജ് ഭൂഷന്റെ വിശ്വസ്തര്‍ തന്നെ ഗുസ്തി ഫെഡറേഷന്‍ തലപ്പത്തെത്തിയതില്‍ പിന്നാലെ സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചതും ബജ്രങ് പൂനിയും വിരേന്ദറും പത്മശ്രീ തിരികെ നല്‍കിയതും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. പിന്നാലെയാണ് വിനേഷ് ഫോഗട്ടും പുരസ്‌കാരങ്ങള്‍ ഉപേക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *