പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; കൊച്ചിയില്‍ റോഡ് ഷോ; ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേനദ്രമോദി അടുത്താഴ്ച കേരളത്തിലെത്തും. ജനുവരി 16,17 തീയതികളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി വീണ്ടും കേരളത്തിലെത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന അദ്ദേഹം നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും, സമൂഹവിവാഹത്തിലും പങ്കെടുക്കും. കൂടാതെ ഗുരുവായൂര്‍ ക്ഷേത്ര ദർശനവും നടത്തും.

തുടര്‍ന്ന് കൊച്ചിയിൽ ബിജെപി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി ഗുരുവായൂരില്‍ ഹെലിപാട് അടക്കമുള്ള സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉന്നത പോലീസ് സംഘം വിലയിരുത്തിയിരുന്നു. ജനുവരി 3 ന് തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസംഗമം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്റര്‍ റോഡ് ഷോയില്‍ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്. തേക്കിൻകാട് മൈതാനത്ത് നടന്ന പരിപാടിയിൽ ശോഭന, പി ടി ഉഷ, മിന്നു മണി, മറിയക്കുട്ടി തുടങ്ങിയവരും പങ്കെടുത്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *