ലൈംഗിക അതിക്രമ കേസ്: മുൻ ഗവൺമെന്റ് പ്ലീഡർ പിജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: ലൈംഗിക അതിക്രമക്കേസില്‍ മുന്‍ ഗവ. പ്ലീഡര്‍ പിജി മനുവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. പുത്തൻകുരിശ് ഡിവൈഎസ്പി ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മനു ഒളിവിലാണ്. ഹൈക്കോടതി കീഴടങ്ങാൻ നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ്.

നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും അഭിഭാഷകനെന്ന പരിഗണന നൽകാനാകില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്.

പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും മുമ്പ് പീഡനത്തിന് ഇരയായ യുവതി ഈ കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് തന്നെ സമീപിച്ചതെന്നുമാണ് പിജി മനു മുൻകൂർ ജാമ്യഹർജിയിൽ വാദിച്ചിരുന്നത്. യുവതിയുടെ പരാതി വ്യാജമാണെന്നും ജോലി സംബന്ധമായ ശത്രുത കാരണം തന്റെ സൽപേരും അന്തസ്സും തകർക്കാൻ ചിലർ നടത്തിയ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയത്.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതിന് ഐടി ആക്ട് അടക്കമുള്ള കുറ്റങ്ങളാണ് മനുവിനെതിരെ ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *