കാസർകോട്ട് 16കാരി ജീവനൊടുക്കിയ സംഭവം:  ബന്ധം നിർത്തിയപ്പോൾ ഭീഷണി; പ്രതിയെ കുരുക്കി മരണമൊഴി

ബദിയടുക്ക: കാസർകോട് ബദിയടുക്കയിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ, പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അൻവറിന് (24) എതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. ഇയാളുടെ നിരന്തര ശല്യം സഹിക്കാനാകാതെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ‍ആരോപിച്ചു. സ്കൂളിൽ പോകുന്ന സമയത്ത് വഴിയിൽ തടഞ്ഞുനിർത്തി പെൺകുട്ടിയെ അൻവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.

പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അൻവറിനെയും സുഹൃത്ത് സാഹിലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി വിഷം കഴിച്ച വിവരമറിഞ്ഞ് നാടുവിട്ട അൻവറിനെ ബെംഗളൂരുവിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഒരു സുഹൃത്തിനെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി.

സമൂഹമാധ്യമത്തിലൂടെയാണ് അൻവറും പെൺകുട്ടിയും തമ്മിൽ പരിചയപ്പെട്ടതാണ് വിവരം. ഇരുവരും തമ്മിലുള്ള ബന്ധം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറി. സമൂഹമാധ്യമങ്ങളിലും അൻവറിനെ ബ്ലോക് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം ഉപേക്ഷിച്ചപ്പോഴാണ് അൻവർ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *