ചിപ്‌സ് നിർമാണ കടയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; ഒരു മരണം

തിരുവനന്തപുരം: കൈതമുക്കിൽ ചിപ്‌സ് നിർമാണ കടയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഭവത്തിൽ രണ്ടുപേർക്കു പരുക്കേറ്റു. കട ഉടമ അപ്പു ആചാരിയാണ് മരിച്ചത്. കണ്ണൻ ചിപ്സ് എന്ന സ്ഥാപനത്തിൽ ശനിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. തീപടർന്ന ഉടനെ അപ്പു ആചാരിയുടെ മകനും ജീവനക്കാരനും പുറത്തേക്ക് ഓടി. എന്നാൽ, അപ്പു ആചാരി കടയ്‌ക്കുള്ളിൽ വീണു പോകുകയായിരുന്നു.

കടയിലുണ്ടായിരുന്ന രണ്ടു സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ മെഡിക്കൽ ഷോപ്പിലേക്കും തീപടർന്നിരുന്നു. കടയിൽ രണ്ടിലേറെ സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായി വിവരമുണ്ട്. ഇവ പെട്ടെന്ന് നീക്കം ചെയ്തതിനാലാണ് വൻദുരന്തം ഒഴിവായത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും അഗ്നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രിക്കാനായത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *