മലയാള സിനിമാ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതിവച്ചൊരു പേര്–മെറിലാൻഡ് സിനിമാസ്. മുരുകനും മയിലും ചേർന്ന മെറിലാൻഡ് സിനിമയുടെ ലോഗോ മലയാളികൾക്ക് മികച്ച കലാസൃഷ്ടികളിലേക്കുള്ള ക്ഷണം കൂടിയായിരുന്നു. മധു നായകനായി 1979ൽ പുറത്തിറങ്ങിയ ‘ഹൃദയത്തിന്റെ നിറങ്ങളായിരുന്നു’ മെറിലാൻഡിന്റെ അവസാന സിനിമ. നാലു പതിറ്റാണ്ടിനു ശേഷം മെറിലാൻഡ് സിനിമ തിരിച്ചുവരുന്നു. മെറിലാൻഡ് സ്ഥാപകൻ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകൻ വിശാഖ് സുബ്രഹ്മണ്യമാണ് രണ്ടാംവരവിനു നേതൃത്വം നൽകുന്നത്. വിശാഖ് സുബ്രഹ്മണ്യവും നടൻ അജു വർഗീസും ചേർന്നു നിർമിക്കുന്ന ആദ്യസിനിമ ‘ലൗ ആക്‌ഷൻ ഡ്രാമ’യുടെ ഷൂട്ടിങ് ഉടൻ തുടങ്ങും. നടനും തിരക്കഥാകൃത്തുമായ ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. നിവിൻ പോളി നായകനായ ചിത്രത്തിലൂടെ നയൻതാര വീണ്ടും മലയാളത്തിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *