ഭർത്താവിന്‍റെ മദ്യപാനം മാറ്റാനായി യുവതിയുമായി നിരന്തരം ലൈം​ഗികബന്ധം: തൃശ്ശൂരിലെ സിദ്ധന് 22 വർഷം കഠിന തടവ്

തൃശൂർ: ഭർത്താവിൻറെ മദ്യപാനം മാറ്റാനായി യുവതിയുമായി നിരന്തരം ലൈം​ഗികബന്ധത്തിലേർപ്പെട്ട സിദ്ധന് 22 വർഷം കഠിന തടവും പിഴയും. പെരിങ്ങണ്ടൂർ പൂന്തുട്ടിൽ വിട്ടിൽ സന്തോഷ് കേശവനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവു ശിക്ഷക്ക് പുറമേ 1,10,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിയിൽ പറയുന്നു.

സന്തോഷ് സ്വാമി എന്ന പേരിലായിരുന്നു ഇയാൾ ആളുകളെ കബളിപ്പിച്ചിരുന്നത്. ഇതിനിടയിലാണ് ഭർത്താവിന്റെ മദ്യപാനം മൂലം ജീവിതം ദുരിതത്തിലായ വീട്ടമ്മ ഇയാളെ സമീപിക്കുന്നതും അന്ധവിശ്വാസത്തിന്റെ മറവിൽ യുവതിയെ നിരന്തരം ലൈം​ഗിക പീഡനത്തിന് ഇരയാക്കുന്നതും.

2016 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭർത്താവിൻറെ മദ്യപാനം നിർത്താനായാണ് വീട്ടമ്മയ്ക്ക് പ്രതി ചില പൂജകൾ നിർദ്ദേശിച്ചത്. പൂജയ്ക്കും പ്രാർത്ഥനയ്ക്കുമായെന്ന് പറഞ്ഞ് യുവതിയെ പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് വിളിച്ച് വരുത്തി. അവിടെ നിന്ന് വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ യുവതിയെ സന്തോഷ് സ്വാമി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തി പീഡനം വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു.

വീട്ടമ്മയുടെ ദുരവസ്ഥ മുതലെടുത്ത് പിന്നിട് തൃശ്ശൂർ മെഡിക്കൽ കോളേജ്ജിനടുത്തുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയും പീഡിപ്പിച്ചു. 18 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. കുന്നംകുളം പോക്സോ കോടതി 22 വർഷം കഠിന തടവിനും 1,10,000 രൂപ പിഴയടക്കാനുമാണ് വിധിച്ചത്. ഈ പ്രതിക്കെതിരെ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസും നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *