ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടേത് തീവ്രവാദത്തോടുള്ള മൃദു സമീപനമാണെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പിഡിപിയെ പിളര്‍ത്തിയാല്‍ കേന്ദ്രത്തിന് തിരിച്ചടിയുണ്ടാവുമെന്ന മുഫ്തിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു സ്വാമി.

മുഫ്തിയുടെ പ്രസ്താവനയില്‍ താന്‍ നന്ദി പറയുന്നു. കാരണം അവര്‍ തന്റെ അച്ഛനെ പോലെ തന്നെ ഭീകരതയ്‌ക്കെതിരെ മൃദു സമീപനമാണ് കൈക്കൊണ്ടിരുന്നത് എന്ന് മനസിലായി. മുഫ്തി അധികാരത്തിലിരുന്നപ്പോള്‍ മാറ്റിയ സ്ഥലപ്പേരുകള്‍ അതിന് ഉദാഹരണങ്ങളാണെന്നും, ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആണ് അവര്‍ക്ക് ആവശ്യമായിരുന്നതെന്ന് ഇതിലൂടെ വ്യക്തമായതായും ബി ജെ പി നേതാവ് പറഞ്ഞു.

മുഫ്തിയുടെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുക വഴി വളരെ നല്ലൊരു തീരുമാനമാണ് പ്രധാനമന്ത്രി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് മുന്നറിയിപ്പുമായി വന്നത്. പി ഡി പി യെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ അതിന്റെ അനന്തരഫലങ്ങള്‍ അപകടകരമായിരിക്കുമെന്നാണ് മുന്നറിയിപ്പ് . കശ്മീരില്‍ വിഘടനവാദികളായ സലാഹുദ്ദീനും യാസിന്‍ മാലികും ഉണ്ടായതെന്തുകൊണ്ടെന്ന് ചിന്തിക്കുകയണെന്നും മെഹബൂബ മുഫ്തി പറഞ്ഞിരുന്നു.

തങ്ങളുടെ കാര്യത്തില്‍ കേന്ദ്രം ഇടപെടാതിരുന്നാല്‍ തന്നെ ജമ്മു കശ്മീരില്‍ ഒരു പ്രശ്‌നവുമില്ലെന്നും, വീട്ടില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് അവിടെ തന്നെ തീര്‍ന്നു കൊള്ളുമെന്നും മുഫ്തി വ്യക്തമാക്കി.

ജൂലൈ 13 ന് രക്തസാക്ഷി ദിനം ആചരിക്കുന്ന കശ്മീരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍. ചടങ്ങില്‍ രക്തസാക്ഷികളെ താന്‍ ബഹുമാനിക്കുന്നതായും മുഫ്തി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരില്‍ പിഡിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നത്. അതിനു പിന്നാലെയാണ് മുഫ്തിയുടെ മുന്നറിയിപ്പ്.

ബിജെപി സര്‍ക്കാരിനെ പിന്തുണക്കാന്‍ പി ഡി പിയിലെ ഒരു വിഭാഗം ആലോചിക്കുന്നുണ്ടെന്ന് ആബിദ് അന്‍സാരി പറഞ്ഞിരുന്നു. ഷിയാ പണ്ഡിതന്‍ ഇമ്രാന്‍ അന്‍സാരിയുടെ ബന്ധു കൂടിയാണ് ആബിദ്. ഒരു ഡസനിലധികം എം.എല്‍.എമാര്‍ തങ്ങളോടൊപ്പമുണ്ടെന്നാണ് ആബിദ് അവകാശപ്പെടുന്നത്.

കശ്മീരില്‍ സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി മെഹബൂബ മുഫ്തി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിര്‍മല്‍ സിങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

പിഡിപിയില്‍ പിളര്‍പ്പുണ്ടാക്കി ഒരു വിഭാഗത്തെ തങ്ങളുടെ ഒപ്പം നിര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 87 അംഗ സഭയില്‍ 44 പേരുടെ പിന്തുണയാണ് പാര്‍ട്ടിക്ക് ഭൂരിപക്ഷത്തിന് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *