മുംബൈയിൽനിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ചെത്തി മോഷണം; ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി ഉഡുപ്പിയിൽ പിടിയിൽ

സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദാണ് പിടിയിലായത്. കർണാടകയിലെ ഉഡുപ്പിയിൽനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലർച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നു മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ്  കർണാടക പൊലീസിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി. ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ അധികം വൈകാതെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്നാണ് വിവരം. പ്രതി വലയിലായ വിവരമറിഞ്ഞ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഉഡുപ്പിയിലേക്കു തിരിച്ചു. ഇയാൾ മുംബൈയിൽനിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് സൂചന. ജോഷിയുടെ വീടിനെക്കുറിച്ച് ഉൾപ്പെടെ ഇയാൾക്ക് വിവരം ലഭിക്കാൻ തക്കവിധത്തിൽ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തെണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *