യുവതി കൊലക്കുറ്റത്തിന് അറസ്റ്റിൽ; പീഡിപ്പിച്ച ആളിനെ തിരിച്ചറിഞ്ഞെന്ന് പോലീസ്

നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതി ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെട്ട സാഹചര്യത്തിൽ പൊലീസ് ഈ കേസിലും അന്വേഷണം ഊർജിതമാക്കി. യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്നു രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകക്കുറ്റം ചുമത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞ് ചാപിള്ളയായാണോ ജനിച്ചത്, അതോ ജനിച്ച ശേഷം കൊലപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ. നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായ അസാധാരണ സംഭവത്തിന്റെ നടുക്കത്തിലാണ് കൊച്ചി നിവാസികൾ ഇപ്പോഴും.

രാവിലെ 8.20 ഓടെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. സമീപവാസിയായ ജിതിൻ, ഷിപ്‌യാര്‍ഡിലെ സ്കൂളിൽ കുട്ടികളെ ഇറക്കിയ ശേഷം തിരികെ വരുമ്പോഴാണ് റോ‍ഡിൽ എന്തോ കിടക്കുന്നതു കണ്ടത്. ഒരു വാഹനം അവിടുത്തെ ഫ്ളാറ്റിൽനിന്നു പുറത്തേക്ക് പോയെന്നും അത് കടന്നു പോകാന്‍ തന്റെ വാഹനം ഒതുക്കിയപ്പോഴാണ് റോഡിൽ കുഞ്ഞും കുറിയർ പായ്ക്കറ്റും കിടക്കുന്നതു കണ്ടതെന്നും ജിതിൻ പറയുന്നു.

എട്ടേമുക്കാലോടെ പൊലീസും മാധ്യമ പ്രവർത്തകരും സ്ഥലത്തെത്തി. പ്രഭാത നടപ്പുകാരും അത്യാവശ്യം ഗതാഗതത്തിരക്കുമുള്ള റോഡാണ് ഇത്. എന്നാൽ അവരാരും കുഞ്ഞിനെ കണ്ടിട്ടില്ല എന്നതുകൊണ്ട് എട്ടു മണിയോട് അടുപ്പിച്ചായിരിക്കാം സംഭവമെന്ന് പൊലീസ് കണക്കുകൂട്ടി. ഇതിനിടെ സ്ഥലത്തെ കൗണ്‍സിലർമാരായ അഞ്ജനയും ആന്റണി പൈനുത്തറയും സ്ഥലത്തെത്തി. തുടർന്നാണ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. ഈ ദൃശ്യം ലഭിച്ചതാണ് കേസിൽ വേഗം തുമ്പുണ്ടാകാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *