കര്‍ക്കടകമായാല്‍ മനസും ശരീരവും ഒരു വര്‍ഷക്കാലത്തേക്ക് ഉന്മേഷത്തോടെ നിലനിര്‍ത്താന്‍ തയാറെടുക്കുന്ന കാലമാണ്. ആയുര്‍വേദം കര്‍ക്കടകത്തില്‍ പാലിക്കേണ്ട ശീലങ്ങളെ കുറിച്ചു പറഞ്ഞിട്ടുണ്ട്.

കര്‍ക്കടകത്തില്‍ അഗ്‌നിദീപ്തികരവും (വിശപ്പുണ്ടാകുന്ന) തൃദോ ഷശമനങ്ങളുമായ ആഹാരങ്ങളും ഔഷധങ്ങളും പ്രത്യേകം ശീലിക്കണം. പഞ്ചകോലം, കൂവളയില, പഴ മുതിര, ചെറുപയര്‍, അയമോദകം, ജീരകം, ദശമൂലം, ഇന്തുപ്പ് തുടങ്ങി നിരവധി ഔഷധങ്ങള്‍ ചേര്‍ന്ന കര്‍ക്കടക കഞ്ഞി ഏറ്റവും വിശേഷമത്രെ.

വാതശമനത്തിന് ഔഷധങ്ങള്‍ സേവിക്കുകയും എണ്ണ, കുഴമ്ബ് ഉപയോഗിച്ച് തേച്ചുകുളിക്കുകയും ചെയ്യാം. ദിവസേന തേച്ചുകുളി (അഭ്യംഗം) ആയുര്‍വേദത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. തേച്ചുകുളി വാതം, ക്ഷീണം എന്നിവ ശമിപ്പിക്കുന്നതിനും ജരാനരകള്‍ തടയുന്നതിനും കാഴ്ച ശക്തി, ദേഹപുഷ്ടി, ദീര്‍ഘായുസ്സ്, നല്ല ഉറക്കം, തൊലിക്ക് മാര്‍ദ്ദവവും ഉറപ്പും എന്നിവയ്ക്ക് കാരണമാകുന്നു. തേച്ചുകുളിക്ക് നല്ലെണ്ണ മികച്ചതെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. രോഗങ്ങളെ ചെറുക്കുന്നതില്‍ നല്ലെണ്ണയ്ക്ക് പ്രത്യേക കഴിവുണ്ട്. തലയിലും ചെവിയിലും ഉള്ളം കാലിലും പ്രത്യേകമായി എണ്ണ തേയ്ക്കണം. കഫം വര്‍ധിച്ചിരിക്കുന്നവരും, ഛര്‍ദ്ദിപ്പിക്കുക, വയറിളക്കുക എന്നിവയ്ക്ക് വിധേയമായിരിക്കുന്നവരും അഭ്യംഗം ചെയ്യരുത്. അജീര്‍ണമുള്ളവരും എണ്ണ തേയ്ക്കരുത്.

പ്ലാവില, വാതം കൊല്ലിയില, ആവണക്കില, കടുക്കതോട് ഇവയിട്ട് തിളപ്പിച്ച വെള്ളം കുളിക്കാന്‍ ഉപയോഗിക്കാം. ധന്വന്തരം തൈലം കുഴമ്ബ്, ബലാശ്വഗന്ധാദി തൈലം, സഹചരാദി തൈലം എന്നിവ ദേഹത്തും ക്ഷീരബല തൈലം, അസനവില്വാദി തൈലം തുടങ്ങിയവ തലയിലും പുരട്ടാം. രാവിലെ തയാറാക്കിയ കര്‍ക്കടക കഞ്ഞി തേച്ചു കുളികഴിഞ്ഞ് പത്തു മണിയോടെ കഴിക്കാം.

ശരീരശുദ്ധി വരുത്തി പഞ്ചകര്‍മ ചികിത്സ പ്രധാനമായി കഷായവസ്തി ചെയ്യാം. കഷായ വസ്തിക്കു ശേഷം പഴക്കം ചെന്ന ഗോതമ്ബ്, കാട്ടുഴുന്ന്, കാട്ടുപയറ് എന്നീ ധാന്യങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ആഹാരങ്ങള്‍ കഴിക്കാം. എപ്പോഴും പുകച്ച വസ്ത്രം ഉപയോഗിക്കണം. പകലുറക്കം പാടില്ല. കൂടുതല്‍ അധ്വാനം, വെയില്‍ ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *