കണ്ണൂര്‍: ജാതിയും മതവും നോക്കാതെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണി നേരിട്ട ഹാരിസണും ഷഹാനയ്ക്കും ഒരുമിച്ച് ജീവിക്കാന്‍ കോടതിയുടെ അനുമതി.

കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. ഷഹാനയുടെ മാതാവ് വളപ്പട്ടണം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും കോടതിയില്‍ ഹാജരായത്.

സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ഇരുവരും കോടതിയില്‍ മൊഴി നല്‍കി. തനിക്ക് ഹാരിസണിനൊപ്പം പോകാനാണ് ഇഷ്ടമെന്നും ഷഹാന കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാന്‍ ഇരുവര്‍ക്കും കോടതി അനുമതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. തുടര്‍ന്ന് വിവാഹഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എസ്ഡിപിഐ നേതാക്കളായ ഷംസി, നിസാര്‍ തുടങ്ങിയവര്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് ഇരുവരും ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. അവര്‍ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെവിനെ പോലെയാവാന്‍ തനിക്ക് താത്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *