റോഡിലേക്ക് കാല്‍ വഴുതി വീണു, വീണപ്പോൾ വാഹനം ഇടിച്ചിട്ടു, ആരും നിർത്തിയില്ല; കണ്ണൂരിൽ വയോധികന് ദാരുണാന്ത്യം

ഇരിട്ടി റോഡിൽ കാൽ തെന്നി വീണ വയോധികനെ ഇടിച്ചിട്ട വാഹനങ്ങൾ നിർത്താതെ പോയി. ഇടുക്കി സ്വദേശി രാജനാണു അപകടത്തിൽ പരുക്കേറ്റു മരിച്ചത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിസിടിവി ദൃശ്യം ശേഖരിച്ച പൊലീസ്, ഇടിച്ചിട്ട വാഹനങ്ങൾക്കായി തിരച്ചിൽ ഊർജിതമാക്കി.

രിട്ടി കീഴൂർക്കുന്നിൽ ബുധനാഴ്‌ച രാത്രിയായിരുന്നു അപകടം. ഫുട്‌പാത്തിലൂടെ നടക്കുകയായിരുന്ന രാജൻ കാലു തെറ്റി റോഡിലേക്ക് വീഴുന്നതു ദൃശ്യങ്ങളിൽ കാണാം. പിന്നാലെ എത്തിയ വാഹനം രാജനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി. പിറകെ എത്തിയ മറ്റൊരു വാഹനവും ഇദ്ദേഹത്തിന്റെ ദേഹത്തു കയറി.

ഈ സമയം ഇതുവഴി ഇരുചക്ര വാഹനം ഉൾപ്പെടെ പോയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. പിന്നീടു വന്ന വാഹനങ്ങളുടെ ഡ്രൈവർമാരാണു നിർത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ രാജൻ വെള്ളിയാഴ്ചയാണു മരിച്ചത്. ഇടിച്ചിട്ട ഒരു വാഹനത്തെ പറ്റി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ടെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *