കൊച്ചി: മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന ‘മീശ’ നോവല്‍ പിന്‍വലിക്കുകയാണെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ്. ‘ചില സംഘടനകളുടെ ഭീഷണിയെ’ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് എഴുത്തുകാരന്‍ വ്യക്തമാക്കി. മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവല്‍ ആണ് ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തി വെക്കുന്നത്.

ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന നോവലിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് പറയുന്ന ഭാഗത്തില്‍ വിവാദ പരാമര്‍ശമുണ്ടെന്ന് പറഞ്ഞായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ അടക്കം ചില സംഘടനകള്‍ ഹരീഷിനെതിരെ ഭീഷണി മുഴക്കിയത്. ഭീഷണിയോടൊപ്പം കുടുംബത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടായതായും എഴുത്തുകാരന്‍ പറഞ്ഞു. അതിനെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് എസ് ഹരീഷ് പറഞ്ഞു.

ആഴ്ചപതിപ്പിലെ നോവലിനെനെ ചൊല്ലി കൊച്ചി മാതൃഭൂമി സംഘടിപ്പിച്ച ആധ്യാത്മിക പുസ്തകോത്സവം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെത്തി അടപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പുസ്തകോത്സവം നടക്കുന്ന അഭിഷേകം കണ്‍വന്‍ഷന്‍ സെന്ററിലേക്ക് വെള്ളിയാഴ്ച വൈകിട്ട് പ്രകടനമായെത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പുസ്തകമേള അലങ്കോലപ്പെടുത്തുകയായിരുന്നു.

2108 ലെ മികച്ച കഥാസമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എസ് ഹരീഷിനായിരുന്നു. ആദം എന്ന ചെറുകഥാസമാഹാരത്തിനായിരുന്നു പുരസ്‌കാരം. രസവിദ്യയുടെ ചരിത്രം, ആദം, അന്ത്യപ്രഭാഷണം പ്രൊഫസര്‍ : റാന്‍ഡി പോഷ്(വിവര്‍ത്തനം), ഗൊഗോളിന്റെ കഥകള്‍ (വിവര്‍ത്തനം),മീശ (നോവല്‍) എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍

കേരളാ സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം, സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി പി ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1 Comment

  1. ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ ദുർവിനിയോഗം മൗലികാവകാശമായി കാണരുത് :-

    വിഡ്ഢിത്തങ്ങൾ പറയുകയും (എഴുതുകയും) പ്രചരിപ്പിക്കുകയും ചെയ്യുന്നവരാകരുത് സാധാരണക്കാരിൽ നിന്നും വേറിട്ട് നിൽക്കുന്ന സാഹിത്യകാരന്മാർ, ഇതര കലാകാരന്മാർ തുടങ്ങിയ സാമൂഹ്യ പരിഷ്ക്കർത്താക്കൾ. എന്തെഴുതിയാലും സാഹിത്യമാകുമെങ്കിൽ ഇതിനേക്കാൾ നല്ല ‘ഭാവനാ’ശേഷിയുള്ളവരാണ് ഇന്നാട്ടിലെ സാധാരണക്കാരിൽ ഭൂരിഭാഗവും. ഇന്നാണെങ്കിലോ, അവരിൽ പലർക്കും സ്പഷ്ടമായി നല്ല ‘പച്ച’ മലയാളത്തിൽ എഴുതാനും അറിയാം. അതുപോലെതന്നെ, തങ്ങൾ പാടുന്നതാണ് യഥാർത്ഥ രാഗത്തിലും താളത്തിലും ഉള്ളതെന്ന് ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ എല്ലാ ജനങ്ങളും വിശ്വസിക്കാനും, തങ്ങളാണ് യഥാർത്ഥ രാഗ-മേള കർത്താക്കൾ, പാട്ടുകാർ എന്നൊക്കെ അവകാശപ്പെടാനും അതിന് വേണ്ടി തെരുവിലിറങ്ങി പോരടിക്കാനും തുടങ്ങിയാലത്തെ സ്ഥിതി …?!! ആലോചിക്കാൻ പോലും സാദ്ധ്യമല്ല, ആ സ്ഥിതി.

    അടിക്കുറിപ്പ്: ഒരു കലാകാരന് ആവിഷ്ക്കാരസ്വാതന്ത്ര്യം കൂടിയേ തീരു. അത് പക്ഷെ, വിഡ്ഢിത്തങ്ങളും തോന്ന്യാസങ്ങളും സൃഷ്ടിക്കാൻ വേണ്ടിയാകരുത്.
    https://www.facebook.com/sathish.kalathil/posts/1829580880412215

Leave a Reply

Your email address will not be published. Required fields are marked *