കൊച്ചി: മാതൃഭുമിയില്‍ പ്രസിദ്ധീകരിച്ചിരുന്ന എസ്. ഹരീഷിന്റെ മീശയെന്ന നോവല്‍ പിന്‍വലിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി രാജീവ്. കഥാപാത്രങ്ങള്‍ എങ്ങനെ സംസാരിക്കണമെന്നു വരെ വര്‍ഗ്ഗീയ ശക്തികള്‍ തീരുമാനിക്കുമെന്ന് പറയുന്ന സ്ഥിതിയാണ്. അവര്‍ സാമുഹ്യ മാധ്യമങ്ങളിലൂടെ എഴുത്തുകാരനെ മാത്രമല്ല കുടുംബത്തേയും അധിക്ഷേപിക്കുന്നു. ഭീഷണിപ്പെടുത്തുന്നു. ഇതു കേട്ട് നോവലിസ്റ്റ് നോവല്‍ പിന്‍വലിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഗൗരവമായ വാര്‍ത്തയായി മാതൃഭൂമി പോലും നല്‍കിയില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

നോവല്‍ പിന്‍വലിക്കേണ്ടി വന്നത് ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. നോവല്‍ എഴുത്തുകാരന്റെ ഭാവനയുടെ സൃഷ്ടിയാണ്. ജീവിക്കുന്ന കാലവും സാമുഹ്യ ജീവിതവും ബോധപൂര്‍വ്വവും അല്ലാതെയും കൃതികളില്‍ പ്രതിഫലിച്ചെന്നും വരും രാജീവ് പറഞ്ഞു.

സാഹിത്യകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. കൃതിയെ വിമര്‍ശിക്കാന്‍ വായനക്കാര്‍ക്കും അവകാശമുണ്ട്. എന്നാല്‍, നിര്‍മ്മാല്യം ഉള്‍പ്പെടെയുള്ള മഹത്തായ കലാസൃഷ്ടികള്‍ പിറന്ന മണ്ണില്‍ ഇതു പോലുള്ള ഭീഷണികള്‍ പ്രതിരോധിക്കേണ്ടതാണെന്നും പി. രാജീവ് പറഞ്ഞു.

ഇത് അനുവദിക്കാന്‍ കഴിയില്ല. ഏതെങ്കിലും സാഹിത്യ കൃതിയിലെ ഏതെങ്കിലും കഥാപാത്രം പറയുന്നതോടു കൂടി ഒലിച്ചുപോകുന്നതാണ് വിശ്വാസിയുടെ വിശ്വാസമെന്ന് സംഘപരിവാറുകാര്‍ പ്രഖ്യാപിക്കുന്ന സാഹചര്യമാണെന്നും രാജീവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *