രക്ഷാദൗത്യം അവസാനിപ്പിച്ച് ഈശ്വർ മാൽപെ; യോഗം ചേർന്ന് തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് കളക്ടർ

അങ്കോല (കർണാടക): ഷിരൂരില്‍ മണ്ണിന് അടിയില്‍പ്പെട്ട് കാണാതായ അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയതിനു പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മാൽപെ സംഘത്തിന്റെ തീരുമാനം.​

ഈശ്വര്‍ മാല്‍പെ, നേവി, എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ എല്ലാവരുംകൂടെ ഒന്നിച്ച് ശ്രമിച്ചതായി കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. നിലവിലെ അവസ്ഥയിൽ രക്ഷാദൗത്യം ഏറെ ദുഷ്കരമാണ്. ലഭിച്ച നാല് ലൊക്കേഷനുകളിലും ഈശ്വർ പരിശോധിച്ചു. അതിൽ, ഒരുസ്ഥലത്ത് പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടായിരുന്നു.

വെള്ളത്തിനടിയിൽ ഒന്നും കാണാനാകുന്നില്ല. മുഴുവൻ മണ്ണാണ്. അതിന് മുകളിൽ പാറയും അതിനും മുകളിലായി വൻമരവുമുണ്ട്. പോസിറ്റിവായി എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഹൈട്രോഗ്രാഫിക് സര്‍വേയറെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കെ രക്ഷാദൗത്യം ദുഷ്‌കരമാണ്.

ഗം​ഗാവലി പുഴയിലെ ദൗത്യം അതീവ ദുഷ്കരമെന്ന് ഈശ്വർ മാൽപെ നേരത്തെ വ്യക്തമാക്കിയിരുന്നു. പുഴയുടെ അടിയില്‍ ഒട്ടും കാഴ്ചയില്ല. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പുഴയുടെ അടിത്തട്ടത്തില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്‌. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തില്‍ തട്ടി. മൂന്ന് പോയിന്റില്‍ തപ്പി. ഇളകിയ മണ്ണാണ് അടിയില്‍ ഉള്ളത്. പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

1 Comment

  1. പുഴയിൽ ഉള്ള മൺകൂനകളൂം കല്ലും ഒന്ന് ഇളക്കി വിട്ടാൽ ഇപ്പോഴത്തെ വലിയ ഒഴുക്കിൽ അതെല്ലാം ഒലിച്ച് പോവില്ലേ?. കുറച്ച് ദൂരത്ത് നിന്നും ഒഴുകി പോകുന്ന വസ്തുക്കൾ എന്താണ് എന്ന് അറിയാമല്ലോ. അതിൽ ആവശ്യമുള്ളവ തീരത്ത് എത്തിക്കാൻ സംവിധാനം ചെയ്യണം

Leave a Reply

Your email address will not be published. Required fields are marked *