ഹവാന: ക്യൂബയുടെ പ്രസിഡന്റായി മിഗുവല്‍ ഡയസ് കാനല്‍ ചുമതലയേറ്റു. പ്രസിഡന്റ് പദവിയൊഴിഞ്ഞെങ്കിലും റൗള്‍ കാസ്‌ട്രോ പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരും. റൗള്‍ കാസ്‌ട്രോയുടെ പിന്തുടര്‍ച്ചക്കാരനായി മിഗുവലിനെ എതിര്‍പ്പില്ലാതെയാണ് തിരഞ്ഞെടുത്തത്. 1959ലെ വിപ്ലവത്തിനുശേഷം ആദ്യമായാണ് കാസ്‌ട്രോ കുടുംബാംഗമല്ലാത്ത ഒരാള്‍ ക്യൂബയുടെ നേതൃപദവിയേല്‍ക്കുന്നത്.

രാജ്യത്തെ അധികാര കേന്ദ്രമായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ വൈസ് പ്രസിഡന്റായിരുന്ന മിഗുവല്‍ ഡയസ് റൗള്‍ കാസ്‌ട്രോയുടെ അനുയായി കൂടിയാണ്. അതുകൊണ്ടുതന്നെ നേതൃമാറ്റമുണ്ടായെങ്കിലും രാജ്യത്തിന്റെ അടിസ്ഥാനനയങ്ങള്‍ മാറുമെന്ന് കരുതുന്നില്ല.

സ്ഥാനമൊഴിഞ്ഞെങ്കിലും റൗള്‍ കാസ്‌ട്രോ തന്നെയായിരിക്കും പാര്‍ടിയുടെ മേധാവി. സര്‍വസൈന്യാധിപനും റൗള്‍ തന്നെയാണ്. അതുകൊണ്ട് നിര്‍ണായകതീരുമാനങ്ങളില്‍ റൗള്‍ കാസ്‌ട്രോയുടെ അഭിപ്രായമാവും നടപ്പാവുക.

വിദേശനയത്തിന് മാറ്റമുണ്ടാകില്ലെന്നും മുതലാളിത്തത്തിന് രാജ്യത്ത് സ്ഥാനമില്ലെന്നും പുതിയ പ്രസിഡന്റ് വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന യുവതലമുറ ഡയസിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. മുരടിച്ച സമ്പദ് രംഗമാണ് പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.

കാസ്‌ട്രോ അസുഖ ബാധിതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ റൗള്‍ കാസ്‌ട്രോ 2006 ല്‍ അധികാരമേറ്റത്. ഇരുവരും ചേര്‍ന്നു 60 വര്‍ഷമാണ് ക്യൂബ ഭരിച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷവും കമ്യൂണിസ്റ്റ് ഭരണം നിലനിര്‍ത്താന്‍ കാസ്‌ട്രോമാര്‍ക്കു സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *