കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രയുടെ സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംസ്ഥാന പ്രസിടണ്ട് മുനവ്വറലി തങ്ങള്‍, പികെ ഫിറോസ്, എംഎസ്എഫ് ദേശീയ പ്രസിഡണ്ട് ടിപി അഷ്‌റഫലി, ഡല്‍ഹി കെഎംഎസിസി ഭാരവാഹി അഡ്വ ഹാരിസ് മീരാന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ ഡല്‍ഹിയില്‍ പോയിക്കണ്ട് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പരിപാടിയുടെ സമാപന സമ്മേളനത്തില്‍ തിരുവനന്തപുരത്ത് പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. നവംബര്‍ 24ന് കാസര്‍കോഡ് നിന്നാരംഭിക്കുന്ന യുവജനയാത്ര ഡിസംബര്‍ 24നാണ് തീരുവന്തപുരത്ത് സമാപിക്കുന്നത്. ഓഗസ്റ്റ് എട്ടിന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന മുസ്ലിംലീഗ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ പരിപാടിയിലും രാഹുല്‍ഗാന്ധി പങ്കെടുക്കും. ഡല്‍ഹിയില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങലും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെ കുറിച്ചും സംസാരിച്ചതായി യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.
