കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ മലബാര്‍ ഓപ്പറേഷന് ഇനി കോഴിക്കോട് നിന്ന് നിയന്ത്രിക്കും. കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചതിന്റെ ഭാഗമായി നോര്ത്ത്സോണിന്റെ പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് കേന്ദ്രീകരിച്ച് നടപ്പാക്കുന്നത്. ഉത്തരമേഖലാ ഓഫീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒന്‍പതിന് വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും. കെഎസ്ആര്‍ടിസി കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക.കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ മൂന്നായി തിരിച്ചത്. ഉത്തരമേഖലയ്ക്ക് കീഴില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണുള്ളത്. മൂന്നു സോണുകളില്‍ ഏറ്റവും കൂടുതല്‍ ജില്ലകളുള്ളത് നോര്‍ത്ത് സോണിനു കീഴിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലുണ്ട്.മേല്‍നോട്ട സ്ഥാനം ഉള്ളവര്‍ യൂണിയനുകളുടെ ഭാരവാഹി സ്ഥാനം വഹിക്കരുതെന്നും നിര്‍ദേശമുണ്ട്.
2018-07-28
