കടം വാങ്ങിയ പണത്തിന് പകരം വിദ്യാർത്ഥിയുടെ പിതാവിന് ചുംബനം നൽകി,  സ്വകാര്യ  വീഡിയോ  പുറത്തുവിടുമെന്നും അദ്ധ്യാപിക  ഭീഷണിപ്പെടുത്തി

ബംഗളൂരു: വിദ്യാർത്ഥിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികളായ ശ്രീദേവി റുഡഗി, ഗണേഷ് കലേ, സാഗർ എന്നിവരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ശ്രീദേവി അദ്ധ്യാപികയാണ്.

ബംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിലെ കിന്റർഗാർട്ടൻ സ്‌കൂളിൽ പഠിക്കുന്ന കുട്ടിയുടെ പിതാവിൽ നിന്നാണ് ശ്രീദേവിയും സഹായികളും പണം തട്ടിയത്. പ്രതികൾ നാല് ലക്ഷം രൂപ തട്ടിയെടുത്തെന്നും ലക്ഷങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയിൽ പറയുന്നു.

പരാതിക്കാരൻ വ്യാപാരിയാണ്. ബംഗളൂരുവിൽ ഭാര്യയ്ക്കും മൂന്ന് പെൺമക്കൾക്കുമൊപ്പമായിരുന്നു താമസം. 2023 ൽ ഇയാൾ തന്റെ ഇളയ കുട്ടിയെ മഹാലക്ഷ്മി ലേഔട്ടിലെ കിന്റർഗാർട്ടൻ സ്‌കൂളിൽ ചേർത്തു. അഡ്മിഷൻ സമയത്താണ് ഇരുപത്തിയഞ്ചുകാരിയായ ശ്രീദേവിയെ പരാതിക്കാരൻ കാണുന്നത്. പിന്നീട് ഇരുവരും സൗഹൃദത്തിലായി. പതിവായി മെസേജും വീഡിയോ കോളുമൊക്കെ ചെയ്യുമായിരുന്നു. പല ആവശ്യങ്ങൾ പറഞ്ഞ് യുവതി നാല് ലക്ഷം രൂപ കടമായി വാങ്ങി.

തുടർന്ന് യുവതി പരാതിക്കാരനെ വീട്ടിലേക്ക് ക്ഷണിച്ചു. ഈ സമയം അദ്ദേഹം കടം നൽകിയ പണം തിരികെ ചോദിച്ചു. ഇതിനുമറുപടിയെന്നോണം ചുംബനമായിരുന്നു യുവതി നൽകിയത്. അമ്പതിനായിരം രൂപ കടമായി വാങ്ങുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിൽ യുവതി 15 ലക്ഷം കൂടി ആവശ്യപ്പെട്ടു.

വ്യാപാരത്തിൽ തിരിച്ചടി നേരിട്ടപ്പോൾ, കുടുംബത്തിനൊപ്പം ഗുജറാത്തിലേക്ക് മാറാൻ ഇയാൾ തീരുമാനിച്ചു. സർട്ടിഫിക്കറ്റിനായി സ്‌കൂളിലെത്തി. ഈ സമയം ശ്രീദേവിക്കൊപ്പം മറ്റ് രണ്ട് പ്രതികളുമുണ്ടായിരുന്നു. സംഘം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തുകയും ഇരുപത് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം തന്നില്ലെങ്കിൽ ചിത്രങ്ങളും വീഡിയോയും കുടുംബത്തിന് അയച്ചുകൊടുക്കുമെന്നും പറഞ്ഞു. 15 ലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരൻ പറഞ്ഞു. 1.9 ലക്ഷം രൂപ നൽകുകയും ചെയ്തു. എന്നാൽ പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതോടെയാണ് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *