അടൂര്‍: മണ്ണടി ദേവീക്ഷേത്രവളപ്പില്‍ ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരുന്ന ആയുധശേഖരം പൊലീസ് പിടിച്ചെടുത്തു. ക്ഷേത്രത്തിലെ സ്‌റ്റേജിന് പുറകുവശത്ത് ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധശേഖരം. രണ്ട് വടിവാള്‍, ഒരു മഴു, ഒരു വെട്ടുകത്തി, രണ്ട് വടി എന്നിവയാണ് ഏനാത്ത് എസ്‌ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.

സിപിഐഎമ്മിനും ഡിവൈഎഫ്‌ഐക്കുമെതിരെ കഴിഞ്ഞ ദിവസം ഇവിടെ ഹിന്ദു ഐക്യവേദിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ യോഗം നടത്തിയിരുന്നു. ഈ യോഗസ്ഥലത്തിനടുത്ത് സൂക്ഷിച്ചിരുന്നതാണ് ആയുധ ശേഖരം. കെ പി ശശികല ഇവിടെ പ്രസംഗിച്ചിരുന്നു.

ക്ഷേത്രത്തിന് സമീപം ആര്‍എസ്എസുകാര്‍ ആയുധം സൂക്ഷിച്ചിട്ടുള്ളതായി സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ സദാശിവന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. കുറെ നാളായി മണ്ണടിയില്‍ സിപിഐ എമ്മിനും ഡിവൈഎഫ്‌ഐക്കുമെതിരെ ആര്‍എസ്എസ് അതിക്രമം നടത്തി വരികയായിരുന്നു. ആയുധ പരിശോധനയ്ക്ക് എസ്‌ഐയെ കുടാതെ എഎസ്‌ഐമാരായ ഏബ്രഹാം, മുരുകേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗണേഷ് എന്നിവര്‍ ഉണ്ടായിരുന്നു. ഡിവൈഎസ്പി ആര്‍ ജോസ് സ്‌റ്റേഷനിലെത്തി അന്വേഷണ നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *