രാഷ്ട്രപതി ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ അതിൽ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ലെന്നും പിടിച്ചുവെക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രേഖാമൂലം അക്കാര്യം അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇതാദ്യമായാണ്‌ നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയ പരിധി നിശ്ചയിക്കുന്നത്. ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201 ആം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്.

എന്നാൽ ഈ അനുച്ഛേദത്തിൽ സമയ പരിധി നിശ്ചയിച്ചിരുന്നില്ല. ബില്ലുകളിൽ രാഷ്ട്രപതിയുടെ തീരുമാനം വൈകരുത് എന്ന് സർക്കാരിയ, പൂഞ്ചി കമ്മീഷനുകളുടെ ശുപാർശകളിലും, കേന്ദ്ര സർക്കാർ ഇറക്കിയിട്ടുള്ള മാനദണ്ഡത്തിലും വിശദീകരിച്ചിട്ടുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ യുക്തമായ സമയത്തിനുള്ളിൽ ഒരു ഭരണഘടന അതോറിറ്റി തീരുമാനം എടുത്തില്ലെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യാം എന്നും ജസ്റ്റിസ്മാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *