മനുവിനെ ഭാര്യയുടെയും പെങ്ങളുടെയും മുന്നിലിട്ട് തല്ലി; ‘മാപ്പ് ‘വിഡിയോ കാണിച്ച് വേട്ടയാടി;പിറവം സ്വദേശി ജോണ്‍സണ്‍ ജോയി അറസ്റ്റിൽ

കൊച്ചി: മുന്‍ ഗവ.പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യയില്‍ ഒരാൾ അറസ്റ്റിൽ. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി ആണ് അറസ്റ്റിലായത്. ഇയാള്‍ മനുവിനെതിരേ കഴിഞ്ഞ നവംബറില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കൃത്യമായ ഗൂഢാലോചന ഉണ്ടായതായാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ അഞ്ചുമാസമായി മനുവിനെ അതിക്രൂരമായി ജോണ്‍സന്‍ വേട്ടയാടിയെന്നാണ് പൊലീസ് കണ്ടെത്തല്‍. മാപ്പ് വിഡിയോ ചിത്രീകരിച്ച് അതുവച്ച് ബ്ലാക്ക്മെയില്‍ ചെയ്തെന്നും ഭാര്യയുടെയും സഹോദരിയുടെയും മുന്നിലിട്ട് മനുവിനെ തല്ലിച്ചതച്ചുവെന്നും പൊലീസ് പറയുന്നു.

പിറവം അഞ്ചൽപ്പെട്ടി പ്ലാന്തോട്ടത്തിൽ വീട്ടിൽ ജോൺസൺ ജോയ് (40) ഒരു കൊലപാതക ശ്രമകേസിലെ പ്രതിയാണ്. 2024 ഒക്ടോബർ മാസത്തിൽ ജോൺസൺ ജയിലിൽ ആയിരുന്നു. തുടർന്ന് കേസ് നടത്തുന്നതിന് വേണ്ടിയാണ് ജോൺസന്റെ ഭാര്യ അഭിഭാഷകനായ മനുവിനെ സമീപിക്കുന്നത്. നവംബർ മാസത്തിൽ ജോൺസൺ ജയിലിൽ നിന്ന് ഇറങ്ങുകയും ചെയ്തു.  ഇതിനുശേഷമാണ് ഒരു പീഡന ആരോപണം അഭിഭാഷകനായ മനുവിനെതിരെ ജോൺസൺ ആരോപിക്കുന്നത്.  ജോൺസൺ മനുവിനെ വിളിച്ച് നിരവധി തവണ കേസ് കൊടുക്കുമെന്ന് ഫോൺ മുഖേനയും നേരിട്ടും ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.

2024 നവംബർ മാസം പരാതി ഒത്തു തീർപ്പാക്കാമെന്ന് പറഞ്ഞ് ജോൺസന്‍റെ എറണാകുളം പുതുശേരിപ്പടി കുരിശുപള്ളിക്ക് സമീപമുള്ള വാടക വീട്ടിലേക്ക് മനുവിനെയും മനുവിന്റെ ഭാര്യയേയും സഹോദരിയേയും വിളിച്ചു വരുത്തി. ഇവിടെ വച്ചാണ് മനുവും കുടുംബാംഗങ്ങളും അറിയാതെ ജോൺസൺ വിഡിയോ റെക്കോർഡ് ചെയ്തത്. ജോൺസൺ വളരെ മോശമായ രീതിയിൽ മനുവിനെ സഹോദരിയുടേയും ഭാര്യയുടേയും മുമ്പിൽ വച്ച് ദേഹോപദ്രവം ഏൽപ്പിച്ചു. അസഭ്യം പറഞ്ഞത് അപമാനിക്കുകയും ചെയ്‌തു. ഈ ദൃശ്യമാണ് മനുവിനെ ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

റെക്കോർഡ് ചെയ്ത വിഡിയോ ഉപയോഗിച്ചായിരുന്നു ജോൺസന്റെ തുടർന്നുള്ള  ബ്ലാക്ക്മെയിൽ . മനു പോകുന്ന വഴികളിൽ പലയിടത്തും ജോൺസൺ പിൻതുടർന്ന് ഇക്കാര്യം പറഞ്ഞ് അപമാനിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്‌തിരുന്നതായി പൊലീസ് പറയുന്നു.  ഈ വർഷം മാർച്ച് വരെ ഇത്തരത്തിലുള്ള ബ്ലാക്ക്മെയിലിന് മനു വിധേയനായി. പണം തന്നാൽ പ്രശ്നം തീർക്കാം എന്നായിരുന്നു ജോൺസൺ പറഞ്ഞത്. ഇതിന് മനു വഴങ്ങാത്തതിനാൽ വീണ്ടും പലരീതിയിലുള്ള സമ്മർദങ്ങൾക്ക് ജോൺസൺ തുടക്കമിട്ടു.

ഏപ്രില്‍ ആദ്യം ജോണ്‍സന്‍ സമൂഹമാധ്യമങ്ങളിലൂടെ മനുവിന്‍റെ വിഡിയോപങ്കുവച്ചു. ഇതോടെ ഒരു വിഭാഗം ആളുകൾ മനുവിനെ ആക്ഷേപിച്ചും പരിഹസിച്ചും വിഡിയോ പങ്കുവച്ചു. മനുവിന് നാട്ടിലും വീട്ടിലും നിൽക്കാൻ പറ്റാത്ത അവസ്ഥയായി. നാണക്കേടിൽ കോടതികളിൽ ജോലിക്ക് പോകാനും പറ്റാതെയായി. പ്രചരിച്ച വിഡിയോ കണ്ടിട്ട് പലരും ഫോണിൽ വിളിച്ചതോടെ മനു കൂടുതൽ സമ്മർദത്തിലായി. ഇതിനിടെ  ജോൺസൺ ചില സുഹൃത്തുക്കൾ വഴിയും ഓൺലൈൻ ചാനൽ വഴിയും മറ്റും മനുവിനെ വീണ്ടും സമ്മർദത്തിലാക്കിയെന്നും പൊലീസ് പറയുന്നു.

മുൻപ് ആരോപണമായി പറഞ്ഞത് പരാതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യിപ്പിക്കുമെന്നും അങ്ങനെ വന്നാൽ നേരത്തെയുള്ള പീഡന കേസിലെ ജാമ്യം റദ്ദാക്കുമെന്നും അനിശ്ചിത കാലം ജയിലിൽ പോകേണ്ടി വരുമെന്നും ജോൺസൺ ഭീഷണിപ്പെടുത്തി. ഇതിനിടെ വിഡിയോ പ്രകാരം ഒരു ന്യൂസ് ചാനലിൽ വാർത്ത വരികയും ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ. ജോൺസന്റെ പലതരത്തിലുള്ള ഭീഷണിയും , അപമാനവും, ജോൺസന്റെ സുഹൃത്തുക്കളുടേയും ഓൺലൈൻ ചാനലിന്‍റെയും ഭീഷണിയും മനുവിനെ കടുത്ത മാനസിക സംഘർഷത്തിൽ ആക്കിയെന്ന് പൊലീസ് പറയുന്നു. സമൂഹത്ത‌ിലെ പല തലങ്ങളിൽ നിന്ന് നേരിട്ടു കൊണ്ടിരുന്ന അപമാനം മനുവിനെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *