കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പുക കണ്ടയുടൻ തീവ്രപരിചരണ വിഭാഗത്തിൽനിന്നും അത്യാഹിത വിഭാഗത്തിൽനിന്നും രോഗികളെ മാറ്റി. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീയും പുകയും നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായമില്ല. സാധാരണനില പുനഃസ്ഥാപിക്കുന്നതുവരെ ആത്യാഹിത വിഭാഗത്തിലേക്കു രോഗികളെ കൊണ്ടുവരരുതെന്ന് ആശുപത്രി അധികൃതർ നിർദേശം നൽകി.
കോഴിക്കോട്: മെഡിക്കല്‍ കോളേജിലുണ്ടായ പുകയിൽ മൂന്നുപേർ മരിച്ചതായി ടി. സിദ്ദിഖ് എം.എൽ.എ. വയനാട് കല്പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കൾ അറിയിച്ചെന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. മറ്റു രണ്ടുപേരും മരിച്ചിട്ടുണ്ട്. പുക ഉയര്‍ന്ന സമയത്ത് വെന്റിലേറ്ററില്‍നിന്ന് ഇവരെയെടുത്ത് മാറ്റുന്നതിനിടെയാണ് നസീറ മരിച്ചതെന്നാണ് വിവരം. ഒന്നാംവാര്‍ഡിലാണ് നിലവില്‍ മൃതദേഹമുള്ളത്. ഇവരുടെ കുടുംബങ്ങളുമായി സംസാരിച്ചെന്നും ടി. സിദ്ദിഖ് അറിയിച്ചു. അതേസമയം ആളപായമില്ലെന്നും എല്ലാ രോഗികളും സുരക്ഷിതരാണെന്നുമായിരുന്നു നേരത്തേ കളക്ടറും മെഡിക്കല്‍ സൂപ്രണ്ടും അറിയിച്ചിരുന്നത്.
യുപിഎസ് മുറിയിൽനിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. തീപിടിത്തത്തെ തുടർന്ന് യുപിഎസ് പൊട്ടിത്തെറിച്ചു. അഞ്ഞൂറോളം രോഗികൾ ഈ സമയം ആശുപത്രിയിലുണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലെ തന്നെ മറ്റു വാർഡുകളിലേക്കും സമീപത്തെ ആശുപത്രികളിലേക്കും മാറ്റിയെന്നും നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു. പേടിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.കെ.രാഘവൻ എംപി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം കൃത്യമായി പറയാൻ സൂപ്രണ്ടിനോ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോ കഴിഞ്ഞിട്ടില്ലെന്ന് എം.കെ.രാഘവൻ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. രാത്രിയില്‍ അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.

