തിരുവനന്തപുരം : സ്വന്തം വീട്ടില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യമനസാക്ഷിയെ നടുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സത്രീകളെന്നല്ല ആരും സുരക്ഷിതരല്ലാത്ത അവസ്ഥയാണ്, വീടുകള്‍ പോലും സുരക്ഷിതമല്ലെന്ന് വന്നിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പെരുമ്പാവൂരില്‍ തന്നെ ജിഷ എന്ന പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ എല്ലാ സാമാന്യ മര്യദയും കാറ്റില്‍പ്പറത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടുന്നതിന് ആ കൊലപാതകം ദുരുപയോഗപ്പെടുത്തുകയും ചെയ്തവരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഇനിയൊരു സ്ത്രീക്കും തലയണയ്ക്കടിയില്‍ വെട്ടുകത്തി വച്ചു കിടക്കേണ്ട സാഹചര്യമുണ്ടാവില്ല എന്നാണ് തിരഞ്ഞെടുപ്പിന് പിണറായി പ്രസംഗിച്ചു നടന്നത്. അതേ പിണറായി മുഖ്യമന്ത്രിയായിരിക്കെയാണ് അതേ പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ അതേ പോലെ ഹീനമായ മറ്റൊരു കൊലപാതകം നടന്നത്. പിണറായിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന് സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ അല്പവും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തൊട്ടാകെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം പല മടങ്ങാണ് വര്‍ധിച്ചത്. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കി അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *