ന്യൂഡൽഹി ∙ ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനാണ് ചില സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശം. ആക്രമണം നേരിടാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണമെന്നും കേന്ദ്ര സർക്കാർ നിർദേശമുണ്ട്. ഒഴിപ്പിക്കൽ നടപടികൾക്കായി റിഹേഴ്സലും നടത്തും. ഇതിന്റെ ഭാഗമായി മേയ് 7 ബുധനാഴ്ച മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 1971ൽ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിനു മുമ്പ് ഇത്തരം കാര്യങ്ങൾ നടത്തിയിരുന്നു.
അതിനിടെ, പാക്കിസ്ഥാനു നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കണമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിനോട് (എഡിബി) ഇന്ത്യ ആവശ്യപ്പെട്ടു. എഡിബി മേധാവി മസാതോ കംഡയുമായി നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇറ്റലിയിലെ മിലാനില്‍ എഡിബിയുടെ 58-ാമത് വാര്‍ഷികയോഗത്തില്‍ പങ്കെടുക്കവെയാണ് ധനമന്ത്രി എഡിബി മേധാവിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടത്. 2024ലെ കണക്കുകള്‍ പ്രകാരം, 53 വായ്പകളും മൂന്ന് ഗ്രാന്റുകളുമടക്കം 9.13 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാൻ എഡിബിയില്‍ നിന്ന് വാങ്ങിയിട്ടുള്ളത്.

