നാടകീയ നീക്കവുമായി ഇ.പി. ജയരാജൻ: ‘ഞാൻ കുടിപ്പക ഉള്ളയാളല്ല, ആത്മകഥ വിവാദത്തിൽ  ഡി.സി ബുക്സിനെതിരായ നിയമനടപടി നിർത്തി’

കണ്ണൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച ആത്മകഥ വിവാദത്തിൽ ഡി.സി ബുക്സിനെതിരായ നിയമനടപടി നാടകീയമായി അവസാനിപ്പിച്ച് സി.പി.എം നേതാവ് ഇ.പി. ജയരാജൻ. ഡി.സി ബുക്സ് കുറ്റസമ്മതം നടത്തിയെന്നും അവർക്കെതി​രെ ഇനി നിയമ നടപടിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘തങ്ങൾക്ക് പറ്റിയ പിശക് അംഗീകരിച്ചു​കൊണ്ട് ഡി.സി ബുക്സ് വക്കീൽ നോട്ടീസിന് മറുപടി നൽകിയിട്ടുണ്ട്. കുറ്റസമ്മതം തന്നെ അവർ നടത്തിയിട്ടുണ്ട്. എന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന ഒരു കൂട്ടർ ആത്മകഥ വിവാദത്തിന് പിന്നിലുണ്ട് എന്ന് എനിക്കറിയാം. അതിന് പകരം വീട്ടാൻ ഞാനില്ല. വ്യക്തിഹത്യ നടത്തുന്നവർ നടത്തട്ടെ. ഞാൻ കുടിപ്പക വീട്ടാൻ നടക്കുന്ന രാഷ്ട്രീയക്കാരനല്ല’ -ഇ.പി. ജയരാജൻ പറഞ്ഞു.

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരിൽ ഇ.പി. ജയരാജന്റെ ആത്മകഥാഭാഗങ്ങള്‍ പുറത്തുവന്നത്. പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിനെതിരെ അടക്കം കടുത്ത വിമർശനങ്ങൾ അടങ്ങിയതായിരുന്നു പുസ്തകം. ഇതിൽ പാർട്ടി നേതൃത്വത്തിന്റെ അവഗണനയെ കുറിച്ചുള്ള ഭാഗവും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന ഭാഗവും വിവാദമായിരുന്നു. എന്നാൽ, ഇത് താൻ എഴുതിയതല്ലെന്നും വ്യാജമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജയരാജൻ ഡി.സി ബുക്സി​നെതി​രെ നിയമനടപടി സ്വീകരിച്ചത്. തുടര്‍ന്ന് ഇ പി ജയരാജന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്വകാര്യത ലംഘനം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് ഇപി ജയരാജന്‍ പരാതി നല്‍കിയത്

കേസില്‍ ജയരാജന്റെയും ഡിസി ബുക്സ് ഉടമ രവി ഡിസി അടക്കമുള്ളവരുടെയും മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആത്മകഥാ ഭാഗം ചോര്‍ന്നത് ഏത് സാഹചര്യത്തില്‍, ഇതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോ തുടങ്ങിയവ കാര്യങ്ങളാണ് കോട്ടയം ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചത്. കേസില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം മുന്‍ മേധാവി എവി ശ്രീകുമാറിനെ മാത്രമാണ് പ്രതി ചേര്‍ത്തത്. ആത്മകഥാ ഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസില്‍ പ്രതി ചേര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *