പഹൽഗാമിലെ കണ്ണീരിന് ചുട്ട മറുപടി; പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം ; 12 ഭീകരരെ വധിച്ച് ഇന്ത്യ; 55 പേര്‍ക്ക് പരിക്ക്

പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും വിവരമുണ്ട്.

ഇന്നു പുലർച്ചെ 1.44 ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി,  ‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. ലഷ്കറെ തയിബയുടെ ആസ്ഥാനമാണ് മുരിഡ്‌ക്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ.

ആക്രമണത്തിനു പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ത്യ ഇന്നു പത്തുമണിക്കുള്ള വാർത്താ സമ്മേളനത്തിൽ പുറത്തുവിടും.

അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിനു തിരിച്ചടി നൽകുമെന്നും മിസൈൽ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാൻ സൈന്യം പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *