‘കാന്താര 2’ ചിത്രീകരണ സംഘത്തിലെ മലയാളി യുവാവ് നദിയിൽ മുങ്ങിമരിച്ചു

കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ സംഘത്തിലെ അംഗമായ മലയാളി യുവാവ് കൊല്ലൂരിലെ സൗപർണികാ നദിയിൽ മുങ്ങിമരിച്ചു. വൈക്കം ടിവി പുറം റോഡിൽ പള്ളിപ്രത്തുശ്ശേരി മൂശാരിത്തറ വീട്ടിൽ ഫൽഗുണന്റെയും രേണുകയുടെയും മകൻ എം എഫ് കബിൽ ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.45 ഓടെയാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയിൽ സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് കാൽവഴുതി നദിയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കബിൽ തെയ്യം കലാകാരനാണ്. നിരവധി ടെലിഫിലിമുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംഭവത്തിൽ കൊല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കബിലിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് കാന്താര 2വിന്റെ ചിത്രീകരണം താത്കാലിമായി നിർത്തിവച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളിൽ നിരവധി വെല്ലുവിളികളാണ് ചിത്രം നേരിട്ടത്. നേരത്തെ, കൊല്ലൂരിൽ ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ടുപോയിരുന്ന ഒരു ബസ് മറിഞ്ഞിരുന്നു. അപകടത്തിൽ സാരമായ പരിക്കുകളില്ലാതെ എല്ലാവരും രക്ഷപ്പെട്ടു. പിന്നാലെ അപ്രതീക്ഷിതമായ കാറ്റിലും മഴയിലും ഉണ്ടായ നാശനഷ്ടങ്ങൾ മൂലം ഉയർന്ന ചെലവിൽ നിർമ്മിച്ച ഒരു കൂറ്റൻ സെറ്റ് തകർന്നിരുന്നു. കൂടാതെ, ചിത്രീകരണത്തിനിടെ വനം വകുപ്പിന്റെ പരിശോധനയ്ക്കും ചിത്രം വിധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *