അടിമാലി: കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലിൽ വീട് കത്തി നശിച്ച് കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. തെള്ളിപ്പടവിൽ പൊന്നമ്മ (70), മകൻ പരേതനായ അനീഷിന്‍റെ ഭാര്യ ശുഭ (35), മക്കളായ അഭിനന്ദ് (9), അഭിനവ് (5) എന്നിവരാണ് മരിച്ചത്. ഓട് മേഞ്ഞ വീട് പൂർണ്ണമായി കത്തി നശിച്ചു. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മരിച്ചവരുടെ ശരീര ഭാഗങ്ങൾ മാത്രമാണ് അവശേഷിച്ചത്. മൃതദേഹങ്ങൾ അടിമാലി ആശുപത്രിയിലേക്ക് മാറ്റി. വെള്ളത്തൂവൽ പൊലീസും അഗ്നിശമനസേനയും സ്ഥലത്തുണ്ട്. കൂടുതൽ വിവരം ലഭ്യമല്ല.
വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് വിവരം. ഒറ്റപ്പെട്ട സ്ഥലത്താണ് വീട്. അടുത്ത് മറ്റൊരു വീട് ഉണ്ടെങ്കിലും സംഭവ സമയം ആരും ഇല്ലായിരുന്നു. ഇവർ ശനിയാഴ്ച രാത്രിയോടെ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
രണ്ട് ശരീരാവശിഷ്ടങ്ങളാണ് കത്തിക്കരിഞ്ഞ നിലയിൽ വീട്ടിൽനിന്നു കണ്ടെത്തിയിരിക്കുന്നത്. ഒരാളുടെ മൃതദേഹം വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടായിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഫൊറൻസിക്കിന്റെ സാന്നിധ്യത്തിൽ നാളെ കൂടുതൽ പരിശോധന നടത്തും.ഇന്നലെ തീപിടിത്തമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നതായും നാട്ടുകാർ പറയുന്നു.

