കൊച്ചി: നെടുമ്പാശ്ശേരിയിൽ ഹോട്ടൽ ജീവനക്കാരൻ കാറിടിച്ച് മരിച്ചത് കൊലപാതകമെന്ന് സംശയം. രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഹൻ കുമാർ, വിനയ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തുറവൂർ സ്വദേശി ഐവിൻ ജിജോ (24) ആണ് കൊല്ലപ്പെട്ടത്.
ഹോട്ടൽ ജീവനക്കാരനായ ഐവാൻ ജിജോയെ മനപ്പൂർവം വാഹനം ഇടിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയ്ക്ക് നായിത്തോട് വെച്ചാണ് സംഭവമുണ്ടായത്. യുവാവും സിഐഎസ്എഫ് ഉദ്യോഗസ്ഥനായ വിനയകുമാറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.
വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന് യുവാവ് കാറിന്റെ മുന്നില്‍ കയറി നിന്നു. യുവാവിനെ ഇടിച്ചുതെറിപ്പിച്ചുകൊണ്ട് കാറുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കടന്നുകളയുകയായിരുന്നു. കുറേദൂരം യുവാവ് കാറിന്റെ ബോണറ്റില്‍ തങ്ങിക്കിടന്നിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ബോണറ്റില്‍ നിന്ന് താഴേക്ക് വീണ ഐവിനെ നിരക്കിക്കൊണ്ട് കാര്‍ ഓടിച്ചിരുന്നതായും വിവരമുണ്ട്.
ആശുപത്രിയിലെത്തിക്കുന്നതിനുമുന്‍പ് തന്നെ യുവാവ് മരിച്ചിരുന്നതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാറും കസ്റ്റഡിയിലെടുത്തു.

