ഇന്ത്യൻ സഞ്ചാരികളുടെ യാത്രാ ബഹിഷ്ക്കരണം, തുര്‍ക്കിക്കും അസർബൈജാനും കോടികളുടെ നഷ്ടം

പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയേയും അസർബൈജാനെയും ബഹിഷ്‌ക്കരിച്ച് ഇന്ത്യന്‍ സഞ്ചാരികള്‍. ബഹിഷ്‌ക്കരണം ട്രാവല്‍ ഏജന്‍സികളും ഔദ്യോഗിക സംഘടനകളും അടക്കമുള്ളവര്‍ പിന്തുണച്ചതോടെ കോടികളുടെ വരുമാനനഷ്ടമാണ് തുര്‍ക്കിക്കും അസർബൈജാനും സംഭവിച്ചിരിക്കുന്നത്. 2024ല്‍ തുര്‍ക്കിയിലേക്കു മാത്രം 2.74 ലക്ഷം ഇന്ത്യന്‍ യാത്രികരാണ് തുര്‍ക്കിയിലേക്കു പോയിരുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.7 ശതമാനമായിരുന്നു സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്. അസർബൈജാനിലേക്കു കഴിഞ്ഞ വര്‍ഷം 2,43,589 ഇന്ത്യക്കാരും സന്ദര്‍ശനം നടത്തിയിരുന്നു.

അസർബൈജാനിലേക്കു വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണുണ്ടായിരുന്നത്. ശരാശരി ഓരോ ഇന്ത്യന്‍ സഞ്ചാരിയും 1,280 ഡോളര്‍ അസർബൈജാനിൽ ചെലവഴിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും ഗതാഗതം(54%), താമസം(19%), ഭക്ഷണം(16%) എന്നിവയ്ക്കു വേണ്ടിയാണെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ കണക്ക്. മേയ് ആരംഭം മുതലാണ് ഇന്ത്യന്‍ യാത്രികരുടെ അസർബൈജാനിലേക്കുള്ള യാത്രകള്‍ മുടങ്ങി തുടങ്ങിയത്.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ഔദ്യോഗിക നിലപാടുമായി തുര്‍ക്കിയും അസര്‍ബൈജാനും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ട്രാവല്‍ ഏജന്‍സികളും യാത്രികരും കൂട്ടത്തോടെ ഈ രാജ്യങ്ങളിലേക്കുള്ള ബുക്കിങ് റദ്ദാക്കി തുടങ്ങിയത്. തുര്‍ക്കിയിലേക്കു നേരത്തെ ബുക്ക് ചെയ്ത ഇന്ത്യക്കാരില്‍ 22 ശതമാനം പേരും അസർബൈജാനിലേക്കുള്ള 30 ശതമാനം പേരും യാത്രകള്‍ റദ്ദാക്കിയെന്നാണ് ഈസ്‌മൈട്രിപ്പ് അറിയിക്കുന്നത്. പകരം ജോര്‍ജിയ, സെര്‍ബിയ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്ന് ‘ഈസ്‌മൈട്രിപ്പ്’ സഹ സ്ഥാപകനും സിഇഒയുമായ റികാന്ത് പിറ്റി പറയുന്നു.

കഴിഞ്ഞ ഒരാഴ്ചയിൽ അസർബൈജാനിലേക്കും തുര്‍ക്കിയിലേക്കുമുള്ള ബുക്കിങുകളില്‍ 60 ശതമാനത്തിന്റെ കുറവുണ്ടായി. യാത്രകള്‍ റദ്ദാക്കുന്നത് 250 ശതമാനം വര്‍ധിക്കുകയും ചെയ്തു’ എന്നാണ് മെയ്ക്ക്‌മൈട്രിപ്പ് വക്താവ് പ്രതികരിച്ചത്. ഈ രാജ്യങ്ങളിലേക്ക് പോവുന്നത് യാത്രികരെ പ്രോത്സാഹിപ്പിക്കില്ലെന്ന നിലപാടാണ് മെയ്ക്ക്‌മൈട്രിപ്പ് അടക്കമുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്.

ട്രാവല്‍ ഏജന്‍സികള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ട്രാവല്‍ കമ്യൂണിറ്റികള്‍ക്കുമൊപ്പം ഇന്ത്യയില്‍ നിന്നുള്ള ട്രാവല്‍ ഏജന്‍സികളുടെ സംഘടനകളും നിരോധനത്തെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ട്രാവല്‍ ഏജന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ടിഎഎഐ), ട്രാവല്‍ ഏജന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ടിഎഎഫ്‌ഐ) എന്നീ സംഘടനകള്‍ മേയ് ഒമ്പതിനു തന്നെ തുര്‍ക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള യാത്രകളെ പ്രോത്സാഹിപ്പിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ കൊല്‍ക്കത്തയില്‍ നിന്നു മാത്രം പ്രതിദിനം തുര്‍ക്കിയിലേക്ക് 200 യാത്രികര്‍ പോയിരുന്നത് 40-50 ആയും അസര്‍ബൈജാനിലേക്കും 40-50 യാത്രികര്‍ പോയിരുന്നത് 5-6 ആയും കുറയുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ യാത്രികര്‍ മറ്റു രാജ്യങ്ങളെ തിരഞ്ഞെടുത്തതോടെ അസർ‍ബൈജാനും തുര്‍ക്കിക്കും കോടികളുടെ വരുമാന നഷ്ടമാണ് നേരിടേണ്ടി വരുന്നത്. ട്രാവല്‍ ഏജന്‍സികളുടെ കണക്കു പ്രകാരം തുര്‍ക്കിയിലേക്ക് രണ്ടു പേരുടെ 6-7 ദിവസത്തെ യാത്രക്ക് ശരാശരി 3-4 ലക്ഷം രൂപയാണ് ചെലവു വരിക. അസർബൈജാനിലേക്കാണെങ്കിൽ 4 ദിവസത്തെ ട്രിപ്പിന് രണ്ടു ലക്ഷം രൂപയോളം ചെലവു വരും. റദ്ദാക്കപ്പെടുന്ന ഓരോ യാത്രകളും ലക്ഷങ്ങളുടെ നഷ്ടമാണ് ഈ രാജ്യങ്ങള്‍ക്കുണ്ടാക്കുക.

ഈ രാജ്യങ്ങളിലേക്കു യാത്ര ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരില്‍ പകുതിയിലേറെ പേര്‍ മേയ് ഏഴിനു ശേഷം പാക്കേജുകള്‍ റദ്ദാക്കിയിട്ടുണ്ട്. തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, സിംഗപ്പൂര്‍, ഇന്തൊനേഷ്യ തുടങ്ങിയ തെക്കു കിഴക്കന്‍ രാജ്യങ്ങള്‍ തുര്‍ക്കിക്കും അസര്‍ബൈജാനും പകരം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. നിരോധനത്തിനൊപ്പം കുറഞ്ഞ ചെലവും എളുപ്പം എത്തിച്ചേരാനാവുമെന്നതും വിനോദസഞ്ചാര സൗഹൃദ അന്തരീക്ഷവും ഈ തിരഞ്ഞെടുപ്പിന് കാരണമായിട്ടുണ്ട്. ഒപ്പം ജോര്‍ജിയ പോലുള്ള രാജ്യങ്ങള്‍ യാത്രക്കായി തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണം വിദേശ യാത്രകളെ മാത്രമല്ല ആഭ്യന്തര വിനോദ സഞ്ചാരികളുടെ യാത്രകളേയും ബാധിച്ചിട്ടുണ്ട്. വാണ്ടര്‍ ഓണിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ-പാക് സംഘര്‍ഷത്തിന ശേഷം തദ്ദേശീയ യാത്രകളില്‍ 60 ശതമാനവും രാജ്യാന്തര യാത്രകളില്‍ 40 ശതമാനവും കുറവുണ്ടായി. പല ട്രാവല്‍ ഏജന്‍സികളും ബുക്ക് ചെയ്ത യാത്രകളെ പുതിയ രാജ്യത്തേക്ക് മാറ്റുന്നതിനും പൂര്‍ണമായും റീഫണ്ടിനും രണ്ടു വര്‍ഷത്തോളം കാലാവധിയുള്ള ട്രിപ്പ് ക്രെഡിറ്റ് നല്‍കുന്നതിനും തയാറായിട്ടുണ്ട്. ആഭ്യന്തര യാത്രികരില്‍ തെക്കേ ഇന്ത്യയിലേക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് നമ്മുടെ കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളേയും വരുമാന വര്‍ധനവിനു സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *