കോഴിക്കോട്: പോലീസിലെ ദാസ്യപ്പണി വിവാദം ചൂടാറാതെ നില്‍ക്കുമ്പോള്‍ കോഴിക്കോട് സിറ്റി പോലീസില്‍ കമ്മീഷണര്‍ക്ക് സുരക്ഷയൊരുക്കാന്‍ പതിനാലുപേര്‍. കമ്മീഷണര്‍ പോകുന്നിടത്തെല്ലാം സുരക്ഷയൊരുക്കാന്‍ എആര്‍ ക്യാന്പില്‍ നിന്നുള്ള പന്ത്രണ്ട് അംഗ സ്‌ട്രൈക്കിംഗ് ഫോഴ്‌സാണ് മറ്റൊരു വാഹനത്തില്‍ പിന്തുടരുന്നത്.

ദാസ്യപ്പണി വിവാദത്തെ തുടര്‍ന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ നിര്‍ദേശപ്രകാരം ഐപിഎസുകാര്‍ കൂടെയുള്ള പോലീസുകാരെ പിന്‍വലിച്ചിരുന്നുവെങ്കിലും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാര്‍ ഇതിന് തയാറായിട്ടില്ല.

നഗരത്തില്‍ ഏതെങ്കിലും പ്രശ്‌നങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ ഇടപെടാനാണ് സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ തയാറാക്കി നിര്‍ത്തുന്നത്. എന്നാല്‍ സിറ്റി പോലീസ് കമ്മീഷണറായി കാളിരാജ് മഹേഷ്‌കുമാര്‍ ചുമതലയേറ്റതിനു ശേഷം സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ അദ്ദേഹം ‘സ്വന്തമാക്കി’.

കമ്മീഷണറുടെ ഔദ്യോഗിക വാഹനത്തിനു പിന്നാലെ ടെമ്പോട്രാവലറില്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സും ഉണ്ടാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കമ്മീഷണര്‍ ഓഫീസിലേക്കും തിരിച്ച് വീട്ടിലേക്കും പോകുമ്പോള്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

കമ്മീഷണര്‍ പങ്കെടുക്കുന്ന പൊതുപരിപാടിയിലും സ്‌ട്രൈക്കിംഗ് ഫോഴ്‌സിന്റെ സേവനം നിര്‍ബന്ധമാണ്. കമ്മീഷണര്‍മാര്‍ക്ക് ഒപ്പം വാഹനത്തില്‍ ഉണ്ടാകുന്ന ഡ്രൈവര്‍, ഗണ്മാന്‍ എന്നിവര്‍ക്കുപുറമെയാണ് സ്‌ട്രൈക്കിംഗ് ഫോഴ്‌സിന്റെ സുരക്ഷ.

തമിഴ്‌നാട് സ്വദേശിയായ കമ്മീഷണര്‍ ജമ്മുകശ്മീര്‍ കേഡര്‍ ഐപിഎസുകാരനാണ്. കാശ്മീരില്‍ വച്ച് വെടിയേറ്റതിനെ തുടര്‍ന്നാണ് ഇന്റര്‍ കേഡര്‍ ട്രാന്‍സ്ഫര്‍ വഴി കേരളത്തിലേക്ക് എത്തിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കമ്മീഷണര്‍ക്ക് പ്രത്യേക സുരക്ഷ വേണമെന്ന റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയിട്ടില്ല.

ക്രമസമാധാന പ്രശ്‌നങ്ങളും കേസന്വേഷണവും ഒരുമിച്ച് നിര്‍വഹിക്കാന്‍ ആവശ്യമായ പോലീസുകാര്‍ കോഴിക്കോട് സിറ്റിയില്‍ ഇല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് നിലവിലുള്ള സ്റ്റാഫ് പാറ്റേണ് അടിസ്ഥാനത്തിലാണ് ഇപ്പോഴും പോലീസുകാരെ നിയമിച്ചിട്ടുള്ളത്. ഭരണാനുകൂല സംഘടനയും കമ്മീഷണറുടെ നടപടിയില്‍ അതൃപ്തരാണ്.

Leave a Reply

Your email address will not be published. Required fields are marked *