തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരി കല്യാണിയുടെ മൃതദേ​ഹം കണ്ടെത്തി

കൊച്ചി: മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും തിരച്ചിലും വിഫലം. തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരി കല്യാണിയുടെ മൃതദേ​ഹം കണ്ടെത്തി. ഇന്നു പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചാലക്കുടി പുഴയിൽ നിന്നും മുങ്ങൽ വിദ​ഗ്ധർ കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴയെയും ഇരുട്ടും അവഗണിച്ചായിരുന്നു പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുഞ്ഞിനായി തെരച്ചിൽ നടത്തിയത്.

സാധാരണ ഗതിയിൽ പ്രതികൂല സാഹചര്യങ്ങളിൽ തെരച്ചിലിന് ഇറങ്ങുന്നവരുടെ സുരക്ഷ പരിഗണിച്ച് രാത്രി വൈകിയുള്ള തെരച്ചിൽ നടത്താറില്ല. എന്നാൽ, കാണാതായത് പിഞ്ചുകുഞ്ഞായതിനാൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും കനത്ത മഴയും ഇരുട്ടും അവഗണിച്ച് തെരച്ചിൽ തുടരുകയായിരുന്നു.

തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിക്കവെയാണ് കല്യാണിയെ കാണാതായത്. അങ്കണവാടിയിൽ പോയ ശേഷം അമ്മ സന്ധ്യയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കുട്ടിയെ കാണാതായെന്ന് ആദ്യം പൊലീസിന് മൊഴി നൽകിയ അമ്മ, ഉപേക്ഷിച്ചതാണെന്ന് പിന്നീട് മൊഴി നൽകി. മൂഴിക്കുളം പാലത്തിന്റെ ഭാഗത്തു വരെ കുട്ടിയുമായി അമ്മ വന്നുവെന്നാണ് വിവരത്തെ തുടർന്ന് ആലുവയിൽ നിന്നുള്ള ആറംഗ യു.കെ സ്കൂബ സംഘം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

നീല ജീൻസും പിങ്ക് ഉടുപ്പുമാണ് കാണാതാകുമ്പോൾ കല്യാണി ധരിച്ചിരുന്നത്. ആലുവ ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മ പൊലീസിനു മൊഴി നൽകിയത്. 3.30നാണ് അങ്കണവാടിയിൽ നിന്നും കല്യാണിയെ വിളിച്ചുകൊണ്ട് വീട്ടിലേക്ക് തിരിച്ചതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. എന്നാൽ കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പിന്നീട് മൊഴി മാറ്റുകയായിരുന്നു. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *