തിരുവാങ്കുളം പീഡനം: പറ്റിപ്പോയി! പൊട്ടിക്കരഞ്ഞ് ബന്ധു, ഒടുവിൽ കുറ്റം സമ്മതിച്ചു

എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്മോർട്ട് റിപ്പോർട്ടിന് പിന്നാലെ കസ്റ്റഡിയിലെടുത്ത അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. ശാസ്ത്രീയ തെളിവുകൾ നിരത്തി നിരന്തരമായി നടത്തിയ ചോദ്യം ചെയ്യലാണ് പ്രതിയെ കുടുക്കിയത്. ചൊവ്വാഴ്ച വൈകീട്ട് പ്രതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ വീണ്ടും വിളിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

മൂന്നര വയസുകാരി പീഡനത്തിനിരയായ കേസിൽ കുഞ്ഞിന്റെ പിതാവിന്റെ സഹോദരൻ ആണ് അറസ്റ്റിൽ ആയത്.ഇന്നലെ രാവിലെ മുതൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകാതെ ഇയാളെ കോടതിയിൽ ഹാജരാക്കിയേക്കും. കൊലപാതക കേസിനു പിന്നാലെ കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്ന വിവരവും പുറത്തു വന്നതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആലുവ, പുത്തൻകുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേകാന്വേഷണ സംഘം. സൈബർ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. അതിനിടെ, കേസിൽ നിർണായക വഴിത്തിരിവുണ്ടായതോടെ കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് ബന്ധുക്കളും താമസിച്ചിരുന്നത്. തുടര്‍ന്ന് കുട്ടിയെ വീട്ടിൽവച്ച് പീഡിപ്പിച്ചിരുന്നു എന്നാണ് അച്ഛന്റെ സഹോദരൻ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. കുട്ടിയുടേത് മുങ്ങിമരണം തന്നെയാണെങ്കിലും ശരീരത്തിൽ കണ്ട ചില പാടുകളും മുറിവുകളും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കുട്ടിയുടെ കൊലപാതകം അന്വേഷിക്കുന്ന ചെങ്ങമനാട് പൊലീസ് തുടർന്ന് ഇക്കാര്യം പുത്തൻകുരിശ് പൊലീസിനെ അറിയിച്ചു. ഇന്നലെ രാവിലെ മുതൽ കുട്ടിയുടെ അടുത്ത ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ആലുവ, പുത്തൻകുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ

ചോദ്യം ചെയ്യലിനൊടുവിൽ ബന്ധുക്കളായ 3 പേരെയായിരുന്നു പൊലീസിന് സംശയം. ഇതിൽ 2 പേരെ പിന്നീട് വിട്ടയച്ചു. തുടർന്ന് മറ്റുള്ളവർ നൽകിയ മൊഴിയുടെയും പ്രതിയുടെ ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിൽ ഒരാളെ മാത്രം കസ്റ്റഡിയിലെടുത്തു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.  കഴിഞ്ഞ ദിവസം അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നൽകിയിരുന്നു.

റിമാൻഡിലുള്ള അമ്മയെ വിശദമായ ചോദ്യം ചെയ്യലിനു പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചെങ്ങമനാട് പൊലീസ് ഇതിനായി ഇന്ന് കോടതിയിൽ‌ അപേക്ഷ നൽകും. കുഞ്ഞും സഹോദരനും താമസിച്ചിരുന്നത് അച്ഛന്റെ വീട്ടിലാണ്. കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുകയാണ്. ഭർതൃഗൃഹത്തിൽ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ചു അമ്മ മൂഴിക്കുളത്ത് എത്തുന്നതു വരെയുള്ള ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *