ഭോപാല്‍: പ്രണയിച്ച് വിവാഹിതരായ യുവദമ്ബതികളെ നാട്ടുകൂട്ടത്തിന്റെ നിര്‍ദേശപ്രകാരം ക്രൂരമായി മര്‍ദിച്ചശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കീറുകയും തലമുടി വടിച്ചുകളയുകയും ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പുരിലാണ് സംഭവം. ഇരുവരെയും തട്ടിക്കൊണ്ടുപോയശേഷം തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു നാട്ടുകൂട്ടത്തിന്റെ ‘നീതിനിര്‍വഹണം’.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. കഴിഞ്ഞ മേയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുവാവ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് 70,000 രൂപയും നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും ഗുജറാത്തിലേക്ക് പോയി.

കഴിഞ്ഞയാഴ്ച ഗുജറാത്തില്‍നിന്നു തിരിച്ചെത്തിയ ഇവര്‍ യുവാവിന്റെ ബന്ധുവീട്ടില്‍ താമസമാക്കി. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയോടെ ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഇരുവരെയും മര്‍ദിക്കുന്നത് കണ്ടുനിന്ന ചിലര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ക്രൂരമര്‍ദനം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവടക്കം ആറുപേര്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *