സംസ്ഥാനത്തിന്റെ തെക്കൻതീരത്ത് വൻ പാരിസ്ഥിതിക ഭീതി ഉയർത്തി എംഎസ്‌സി എൽസ 3 എന്ന കപ്പൽ. 73 കാലി കണ്ടെയ്നർ ഉൾപ്പെടെ കപ്പലിൽ 623 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 500ലധികം കണ്ടെയ്‌നറുകൾ ശനിയാഴ്ച കൊച്ചി പുറങ്കടലിൽ മുങ്ങുകയായിരുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ കാരണം അറബിക്കടൽ പ്രക്ഷുബ്ധമാണ്. കാറ്റും ഒഴുക്കും തെക്കുപടിഞ്ഞാറ് ദിശയിലായതിനാൽ കണ്ടെയ്നറുകളും അങ്ങോട്ടാണ് ഒഴുകുന്നത്. ചവറ, നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിൽ കണ്ടെയ്നറുകൾ തീരത്തടിഞ്ഞിട്ടുണ്ട്
മുങ്ങിയ കണ്ടെയ്‌നറുകളിൽ 13 എണ്ണത്തിൽ ഹാനികരമായ രാസവസ്തുക്കളും 12ൽ കാൽസ്യം കാർബൈഡുമായിരുന്നു. ടാങ്കുകളിൽ ഊർജോത്പാദനത്തിന് ഉപയോഗിക്കുന്ന 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും ഉണ്ടായിരുന്നു. ചരക്കുകപ്പലുകളിൽ ഇന്ധനമായി പൊതുവേ ഉപയോഗിക്കുന്നത് ഹെവി ഫ്യുവൽ ഓയിലാണ് (എച്ച്എഫ്ഒ). എംഎസ്‌സി എൽസയിലും ഉപയോഗിച്ചിരുന്നത് ഇതാണെങ്കിൽ മറ്റ് ഇന്ധനങ്ങൾ വെള്ളത്തിൽ കലർന്നാൽ ഉണ്ടാകുന്നതിന്റെ പലമടങ്ങു നാശമാകും ഫലം
കടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ (2 നോട്ടിക്കൽ മൈൽ) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപ്പാട വ്യാപിച്ചിട്ടുണ്ട്. ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ കണ്ടെത്തി നീക്കാനുള്ള ശ്രമം തീരസേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. എണ്ണ നശിപ്പിക്കാനുള്ള പൊടി അപകടമേഖലയിൽ തളിക്കുന്നുമുണ്ട്. കാൽസ്യം കാർബൈഡ് ജലവുമായി പ്രതിപ്രവർത്തിച്ച് പെട്ടെന്നു തീ പിടിക്കുന്ന അസറ്റലിൻ വാതകം സൃഷ്ടിക്കുമെന്നതിനാൽ ആരും കണ്ടെയ്നറുകൾക്കു സമീപം പോവുകയോ ഒഴുകി നടക്കുന്ന വസ്തുക്കൾ തൊടുകയോ ചെയ്യരുതെന്ന് അറിയിപ്പുണ്ട്.
എണ്ണചോർച്ച ജലത്തെ മാത്രമല്ല ജീവജാലങ്ങളെയും ബാധിക്കും.പക്ഷികളുടെ തൂവലുകളിലും കടൽ സസ്തനികളുടെ രോമങ്ങളിലും എണ്ണ പറ്റിപ്പിടിച്ച് അവയ്ക്ക് ഹൈപ്പോതെർമിയ, പറക്കാനും നീന്താനുമുള്ള കഴിവില്ലായ്മ, വിഷബാധ എന്നിവ ഉണ്ടാക്കുന്നു. മത്സ്യങ്ങൾക്കും മറ്റ് കടൽ ജീവികൾക്കും എണ്ണയിലെ വിഷവസ്തുക്കൾ നേരിട്ട് മരണമുണ്ടാക്കുകയോ, മുഴകൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യാം.
കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ, ഉപ്പുവെള്ള ചതുപ്പുകൾ തുടങ്ങിയ അതിലോലമായ തീരദേശ ആവാസവ്യവസ്ഥകൾ നശിക്കാൻ സാധ്യതയുണ്ട്. എണ്ണ കടലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടി അവിടെയുള്ള ജീവികളെയും ബാധിക്കാം. ആവാസവ്യവസ്ഥകൾ പൂർവ്വസ്ഥിതിയിലാകാൻ പതിറ്റാണ്ടുകളോ ചിലപ്പോൾ നൂറ്റാണ്ടുകളോ എടുത്തേക്കാം

