മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ച് അഭിനേത്രി പാർവതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചതിന് പിന്നാലെയാണ് പാർവതിയുടെ നടപടിയെ പരിഹസിച്ചും വിമർശിച്ചും പാർവതി പ്രതികരിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു പാർവതി വിമർശനങ്ങൾ ഉന്നയിച്ചത്. സ്റ്റോറിൽ പാർവതി മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷൻ ചെയ്യുകയും ചെയ്തു.ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമായല്ലോയെന്നും എന്തെങ്കിലും തീരുമാനമായോ എന്നും മുഖ്യമന്ത്രിയോടായി പാർവതി തിരുവോത്ത് ചോദിച്ചു.
‘എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്ന കാര്യത്തിൽ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ. അല്ലേ ? സിനിമാ മേഖലയിൽ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നിയമങ്ങൾ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം. അല്ലേ? അതിൽ എന്താണ് കേരള മുഖ്യമന്ത്രി ഇപ്പോൾ സംഭവിക്കുന്നത് ? വലിയ ധൃതിയൊന്നും ഇല്ല, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമല്ലേ ആയിട്ടുള്ളൂ’, എന്നാണ് പാർവതി തിരുവോത്ത് കുറിച്ചത്. ഒപ്പം രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ച വാർത്തയും പാർവതി ഷെയർ ചെയ്തിട്ടുണ്ട്.
മൊഴികളുടെ അടിസ്ഥാനത്തിൽ ആകെ 35 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 21 എണ്ണം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ബാക്കി 14 കേസുകളും അവസാനിപ്പിച്ച് കോടതിക്ക് മുന്നിൽ റിപ്പോർട്ട് നല്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. കമ്മിറ്റി മുൻപാകെ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് തീരുമാനമെന്നാണ് വിശദീകരണം.
ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകാത്തവരും ചില വനിതാ സിനിമാ പ്രവർത്തകരും പരാതി നൽകിയിരുന്നു. ഇത്തരത്തിൽ നാല്പത് കേസുകളാണ് എടുത്തതെങ്കിലും മുപ്പതോളം കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. മുകേഷ്, മണിയൻപിള്ള രാജു, രഞ്ജിത്, സിദ്ധിഖ്, ജയസൂര്യ ഉൾപ്പടെയുള്ളവർക്ക് എതിരായ കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.

