കൊച്ചി: സ്വര്‍ണവിലയില്‍ ചൊവ്വാഴ്ചയും നേരിയ ഇടിവ്. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 71,560 രൂപയാണ്. ഗ്രാമിന് 8945 രൂപ. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. 24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 78,064 രൂപ. ഒരു ഗ്രാമിന് 9,758 രൂപ. 18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 58,552 രൂപ. ഗ്രാമിന് 7,319 രൂപ.
ഒരു പവന്റെ ആഭരണ വില
സംസ്ഥാനത്ത് ഇപ്പോള്‍ സ്വര്‍ണാഭരണത്തിന് ഒരു പവന് 76,000 രൂപയെങ്കിലും നല്‍കണം. സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി അടക്കേണ്ടതുണ്ട്. പൊന്നിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനവും ജിഎസ്ടി 3 ശതമാനവുമാണ്. താരതമ്യേന ചെറുതാണെങ്കിലും ഹോള്‍മാര്‍ക്കിങ് നിരക്കായ തുകകൂടി വരുമ്പോള്‍ 76,000 രൂപ നല്‍കേണ്ടി വരും. ആഗോള സ്വര്‍ണനിരക്ക് ഔണ്‍സിന് ഇന്ന് 3,307 ഡോളറാണ്. അന്താരാഷ്ട്ര സ്വര്‍ണവിലയിലെ ചാഞ്ചാട്ടമാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിച്ചത്.
സ്വര്‍ണവില ഇനിയും കുറയുമോ ?
ഇപ്പോഴത്തെ അതിസങ്കീര്‍ണമായ ആഗോള രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടങ്ങള്‍ തുടരുമെങ്കിലും സ്വര്‍ണത്തിന് വലിയ വിലയിടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. വിലയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകുന്നെങ്കിലും ഉയരുന്നതിന് ആനുപാതികമായി കുറയുന്നില്ലെന്ന യാഥാര്‍ഥ്യം മുന്നിലുണ്ട്. പൊന്നിന്റെ രാജ്യാന്തര മാര്‍ക്കറ്റിലെ ഏറ്റക്കുറച്ചിലുകള്‍ ഇന്ത്യന്‍ വിപണിയിലും അനുരണനങ്ങള്‍ ഉണ്ടാക്കും. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ അഗോള സ്വര്‍ണവിലയില്‍ പ്രതിഫലനങ്ങളുണ്ടാക്കും. ഇത് ഇന്ത്യന്‍ വിപണിയിലും പ്രകടമാകും.
അമേരിക്കന്‍ പണപ്പെരുപ്പം, യുഎസ് പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങള്‍, രൂപയുടെ മൂല്യത്തിലെ ഉയര്‍ച്ചയും താഴ്ചയും, ലോക നേതാക്കളുടെ പ്രസ്താവനകള്‍ തുടങ്ങിയവയെല്ലാം സ്വര്‍ണത്തിന്റെ വിലയിലെ നിരന്തര കയറിയിറങ്ങലുകള്‍ക്ക് കാരണമാകുന്നവയാണ്.
വിവാഹവും സ്വര്‍ണവിലയും
വിവാഹ സീസണില്‍ മഞ്ഞ ലോഹത്തിന് ഡിമാന്‍ഡ് കൂടും. പല ഉത്സവ വേളകളിലും പൊന്നിന്റെ വില്‍പ്പന ഉയരാറുണ്ട്. ഈ സാഹചര്യത്തില്‍ പൊന്നിന്റെ നിരക്കില്‍ വര്‍ധനയുണ്ടാകും. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി ആളുകള്‍ കാണുന്നു. വാങ്ങി, വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ അവര്‍ ആഗ്രഹിക്കുന്നു. ഇതും പൊന്നിന്റെ ആവശ്യകതയും നിരക്കും കൂട്ടും.

