സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഉയർന്ന തിരമാല സാധ്യത കണക്കിലെടുത്ത് തീരദേശത്തു ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നാളെ മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായേക്കും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതായും മുന്നറിയിപ്പുണ്ട്.

ഇടുക്കിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി , പാംബ്‌ള ഡാമുകളിലെ ഷട്ടറുകൾ വീണ്ടും തുറക്കും. കനത്ത മഴയെ തുടർന്ന് ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. പെരിയാറിന്റെയും മുതിരപ്പുഴ ആറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം.

ജൂൺ 14 മുതൽ 16 വരെ ഒറ്റപ്പെട്ട അതി തീവ്ര മഴക്കും ജൂൺ 12 മുതൽ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *