ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല തൃക്കാർത്തിക ദിനമായ ഇന്ന് (നവംബർ 24) ഭക്തിസാന്ദ്രമായി നടക്കും. ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന പൊങ്കാല കൂടിയാണിത്. ദേവിക്ക് മുന്നിൽ പൊങ്കാല അർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഭക്തർ. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ ക്ഷേത്രത്തിലെത്തി അടുപ്പുകൾ കൂട്ടി പുണ്യനിമിഷത്തിനായുള്ള കാത്തിരിപ്പിലാണ്.
ചടങ്ങുകൾ – സമയക്രമം
പൊങ്കാലയ്ക്കായി എത്തുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 9 മണിക്ക് വിളിച്ചുചൊല്ലി പ്രാർത്ഥനയ്ക്ക് ശേഷം, ശ്രീകോവിലിൽ നിന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കൊടിവിളക്കിൽ പകർന്നെടുക്കുന്ന ദീപം പണ്ടാര പൊങ്കാലയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ഗണപതി വിളക്കിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തെളിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.
ഇതോടൊപ്പം നടക്കുന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മാനേജിങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. രാവിലെ 9.30-ന് മേൽശാന്തി രഞ്ജിത്ത് നമ്പൂതിരി മൂലബിംബം പണ്ടാര പൊങ്കാല അടുപ്പിന് സമീപത്തേക്ക് എത്തിക്കും. തുടർന്ന് വേദപണ്ഡിതൻ രമേശ് ഇളമൺ നമ്പൂതിരി വിളിച്ചുചൊല്ലി പ്രാർത്ഥന നടത്തും. ശേഷം അടുപ്പിൽ അഗ്നി പകരുകയും വാർപ്പിൽ അരി ഇടുകയും ചെയ്യും. അശോകൻ നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ തുടർ ചടങ്ങുകൾ നടക്കും.
ഗതാഗത ക്രമീകരണങ്ങൾ
- പൊങ്കാലയോടനുബന്ധിച്ച് തിരുവല്ല–അമ്പലപ്പുഴ സംസ്ഥാനപാതയിൽ ഇന്ന് ഉച്ചയ്ക്ക് 2 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
- ആലപ്പുഴ ഭാഗത്ത് നിന്ന് തിരുവല്ല, ചങ്ങനാശേരി ഭാഗങ്ങളിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ എസി റോഡ് വഴി തിരിഞ്ഞു പോകണം.
- എടത്വയിൽ നിന്ന് തിരുവല്ലയിലേക്ക് വരുന്ന വാഹനങ്ങൾ എടത്വ – പാരേത്തോട് വഴി പോകണം.
- എടത്വയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് വരുന്ന വാഹനങ്ങൾ എടത്വ പൊലീസ് സ്റ്റേഷന് മുൻവശത്തുകൂടി തായങ്കരി വഴി എസി റോഡിൽ പ്രവേശിച്ച് പോകേണ്ടതാണ്.
- തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്കൂൾ മൈതാനം, ജെജെ ഗ്രൗണ്ട്, വളഞ്ഞവട്ടം ഷുഗർ മിൽ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.
- കോട്ടയം, പുനലൂർ ഭാഗങ്ങളിൽ നിന്നുള്ളവയ്ക്ക് തിരുവല്ല നഗരസഭാ സ്റ്റേഡിയത്തിൽ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
- ആലപ്പുഴ, എറണാകുളം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ തിരുവല്ല, എടത്വ, കോയിൽമുക്ക് കെഎസ്ഇബി സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, വാട്ടർ അതോറിറ്റി, എടത്വ സെന്റ് അലോഷ്യസ് കോളജ്, ഹോളി ഏയ്ഞ്ചൽസ് സ്കൂൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്.











വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.