കോഴിക്കോട് ∙ രാമനാട്ടുകര – വെങ്ങളം ആറുവരിപ്പാത ഈ മാസം അവസാനത്തോടെ പൂർണമായും ഗതാഗതത്തിനു തുറക്കും. ഒപ്പം സർവീസ് റോഡിലും ഗതാഗത സൗകര്യം ഉണ്ടാകും. 28.4 കിലോമീറ്ററിൽ തൊണ്ടയാട് ഹരിതനഗർ ഭാഗത്തും മലാപ്പറമ്പ് – പാച്ചാക്കിൽ ഭാഗത്തുമാണ് സർവീസ് റോഡ് പൂർത്തിയാകാനുള്ളത്. ഇതു രണ്ടാഴ്ചകൊണ്ടു പൂർത്തിയാകുമെന്നു എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു. മലാപ്പറമ്പിൽ നിന്നു വേങ്ങേരി ഭാഗത്തേക്കുള്ള സർവീസ് റോഡ് ടാറിങ് തുടങ്ങി. നാളെ ഗതാഗതത്തിനു തുറക്കും. ദേശീയപാതയിൽ പല ഭാഗത്തും ടാറിങ് മിനുക്കു പണികൾ നടത്താനുണ്ട്.
കൂടാതെ സർവീസ് റോഡിൽ നിന്നു ദേശീയപാതയിലേക്കു പ്രവേശന കവാടവും ദേശീയപാതയിൽ നിന്നു പുറത്തുകടക്കാനുള്ള കവാടവും ഒരുക്കുന്നുണ്ട്. ഇതിനു ലൈൻ മാർക്കിങ് തുടങ്ങി. മലാപ്പറമ്പിൽ കുന്നിടിച്ച് സർവീസ് റോഡ് നിർമിച്ച ഭാഗത്ത് സോയിൽ നെയ്‌ലിങ് നടത്താനാണ് പദ്ധതി. താഴത്തെ ഭാഗം മാത്രം സോയിൽ നെയ്‌ലിങ് നടത്തി ബാക്കി മുകളിലേക്കുള്ളത് അതേപോലെ നിലനിർത്തും. കുന്നിനു മുകളിൽ നേരത്തേയുണ്ടായ ചെറിയ റോഡും ഗതാഗതയോഗ്യമാക്കുന്നുണ്ട്.
ഈ മാസം ആദ്യവാരം പണി പൂർത്തീകരിച്ചു ഗതാഗതത്തിനു തുറക്കണമെന്നായിരുന്നു കരാർ കമ്പനിക്ക് എൻഎച്ച്എഐ നൽകിയ നിർദേശം. എന്നാൽ കനത്ത മഴയെ തുടർന്നു പല സ്ഥലത്തും റോഡ് നിർമാണം തടസ്സപ്പെട്ടതിൽ ഈ മാസം അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവ് നടത്തിയ അവലോകനയോഗത്തിൽ തീരുമാനം കരാറുകാരായ കെഎംസി കൺസ്ട്രക്‌ഷൻസിനു നൽകിയതായി കരാർ കമ്പനി അധികൃതർ പറഞ്ഞു.
