മംഗലാപുരം: സെറ്റിൽ നടക്കുന്ന ദുരന്തങ്ങൾകാരണം തുടരെത്തുടരെ വാർത്തകളിൽ ഇടംപിടിക്കുകയാണ് കന്നഡ ബിഗ് ബജറ്റ് ചിത്രം കാന്താര: ചാപ്റ്റർ 1. കഴിഞ്ഞ ദിവസം മലയാളിനടൻ കലാഭവൻ നിജു ഈ സിനിമയുടെ സെറ്റിൽവെച്ച് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. ഇതിനുപിന്നാലെ സംവിധായകൻ ഋഷഭ് ഷെട്ടി ഉൾപ്പെടെ 30-ലേറെ പേർ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടിരിക്കുകയാണ്. അദ്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്.
കർണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസർവോയറിലാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. സംവിധായകൻ ഋഷഭും അണിയറപ്രവർത്തകരും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ബോട്ട് റിസർവോയറിൽ മറിയുകയായിരുന്നു. റിസർവോയറിന്റെ ആഴംകുറഞ്ഞ ഭാഗത്താണ് അപകടം നടന്നത് എന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതേസമയം ചിത്രീകരണത്തിനുപയോഗിക്കുന്ന ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു.
അപകടം നടന്നതിന് തൊട്ടുപിന്നാലെ, തീർത്ഥഹള്ളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബോട്ട് മറിയാനുണ്ടായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

