ആലപ്പുഴ: മഴക്കെടുതി ദുരിതം അനുഭവിക്കുന്ന ആലപ്പുഴ ജില്ലയില്‍ അവലോകന യോഗം പുരോഗമിക്കവെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് ആത്മാര്‍ഥതയില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

ജില്ലയിലെത്തിയിട്ടും പ്രളയം ദുരിതത്തില്‍ നിന്ന് ഇതുവരെ കരകയറിയിട്ടില്ലാത്ത കുട്ടനാട് സന്ദര്‍ശിക്കാതെ അദ്ദേഹം മടങ്ങുന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തു ന്യായീകരണങ്ങള്‍ നിരത്തിയാലും മുഖ്യമന്ത്രിയുടെ നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്നന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവും ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും മറ്റ് ജനപ്രതിനിധികളും അവലോകനയോഗം ബഹിഷ്‌കരിച്ചിരുന്നു. അതേസമയം കുട്ടനാട് സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രതികരണം

അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ ഏഴ് മന്ത്രിമാരും പങ്കെടുത്തിരുന്നു. യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍ അറിയിച്ചു. രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിന്റെതെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *