റസീനയു​ടെ ആത്മഹത്യകുറിപ്പിൽ ആൺസുഹൃത്തിന്റെ പങ്കിനെകുറിച്ച് പരാമർശമില്ല ;നടന്നത്  സദാചാര ഗുണ്ടായിസമെന്ന് സ്ഥിരീകരിച്ച് പോലീസ്

കണ്ണൂർ: മമ്പറം കായലോട്ടെ റസീനയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിന് പങ്കുണ്ടെന്ന യുവതിയുടെ മാതാവ് ഫാത്തിമയുടെ ആരോപണം അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ്. ‘റസീനയുടെ സുഹൃത്താണ് മരണത്തിന് പിന്നിലെന്നും പണവും സ്വർണവും കാണാനില്ലെന്നുമുള്ള മാതാവിന്റെ ആരോപണം പൊലീസ് പരിശോധിക്കും. ആത്മഹത്യ കുറിപ്പിൽ ഇത്തരത്തിൽ ഒരു പരാമർശം കണ്ടിട്ടില്ല. സാമ്പത്തികപരമായ എന്തെങ്കിലും ആരോപണങ്ങൾ കുടുംബത്തിന് ഉ​ണ്ടെങ്കിൽ പൊലീസ് അന്വേഷിക്കും. ഇതുവരെ അത്തരത്തിലുള്ള കാര്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടില്ല’ -അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘ഞായറാഴ്ച വൈകീട്ട് പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ കായലോടാണ് സംഭവം. മരപ്പെട്ട സ്ത്രീയും സുഹൃത്തും സംസാരിച്ചുകൊണ്ടിരിക്കെ മൂന്ന് ബൈക്കുകളിൽ ആൾക്കാർ വരികയും അവർ ഇവരോട് മോശമായ രീതിയിൽ സംസാരിക്കുകയും മൊബൈൽ ഫോണുകൾ പിടി​​ച്ചെടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാത്രിയോ ചൊവ്വാഴ്ച പുലർച്ചെയോ ആണ് റസീനയെ വീട്ടിൽ തൂങ്ങിമരിച്ചത്. അവരുടെ ശരീരത്തിൽ നിന്ന് തന്നെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിരുന്നു. സംഭവത്തിന് കാരണമായ സാഹചര്യങ്ങളെ കുറിച്ച് ഇതിൽ കൃത്യമായിട്ട് വിവരിക്കുന്നുണ്ട്. അവരും സുഹൃത്തും സംസാരിക്കുന്നതിനിടെ കുറേപ്പേർ വരികയും ഭീഷണിപ്പെടുത്തുകയും മോശമായ രീതിയിൽ ചിത്രീകരിക്കുകയും സുഹൃത്തിന്റെ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തുവെന്ന് കുറിപ്പിൽ പറയുന്നു. തങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്ന സാഹചര്യത്തിലാണ് ആത്മഹത്യചെയ്യുന്നതെന്നും കുറിപ്പിൽ പറയുന്നു.

അറസ്റ്റിലായ മൂന്നുപേരിൽനിന്ന് ഇവരു​ടെ മൊബൈൽ അടക്കമുള്ളവ പിടികൂടിയിട്ടുണ്ട്. കൂടുതൽ പേർക്ക് പങ്കു​ണ്ടോ എന്ന കാര്യം അന്വേഷിക്കും. ഇതിനായി സ്ത്രീയുടെ ആൺസുഹൃത്ത് മയ്യിൽ സ്വദേശി റഹീസി​നെ ചോദ്യം ചെയ്യേണ്ടതുണ്ട്. അയാൾ സംഭവത്തിന് ശേഷം ഒളിവിലാണ്. മരണത്തിൽ സുഹൃത്തിന് പങ്കുള്ളതായി ആത്മഹത്യ കുറിപ്പിൽ പറയുന്നില്ല’ -പൊലീസ് കമ്മീഷണർ നിധിൻ രാജ് പറഞ്ഞു.

സംഭവസ്ഥലത്ത് ആരൊക്കെ വന്നിട്ടുണ്ട് എന്ന് അന്വേഷിക്കും. അറസ്റ്റിലായവരിൽ യുവതിയുടെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളുമാണുള്ളത്. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയബന്ധവും രാഷ്ട്രീയ പാർട്ടിയുടെ ഓഫിസിൽ കൊണ്ടുപോയി എന്നതും അന്വേഷിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *